Kerala Lead News News

ടെലഗ്രാമിലെ ചാറ്റുകൂടി പുറത്തുവിടട്ടേ; വാട്‌സ്ആപ്പിൽ മാന്യനെന്ന് അവന്തിക

കൊച്ചി: ലൈം​ഗിക ചൂഷണ  ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം തള്ളി ട്രാൻസ്ജെൻഡർ യുവതി അവന്തിക. രാഹുൽ മോശമായി പെരുമാറിയിട്ടില്ലെന്ന് പറയുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ രാഹുൽ പുറത്തു വിട്ടിരുന്നു. ശബ്ദ സന്ദേശം തന്റേത് തന്നെയാണെന്നും രാഹുലിനെതിരെയുള്ള തന്റെ തുറന്നു പറച്ചിലിനു മുമ്പ് ഒരു റിപ്പോർട്ടറുമായി നടത്തിയ സംഭാഷണമാണെന്നും അന്ന് പേടിച്ചാണ് അയാളോട് കാര്യങ്ങൾ തുറന്ന് പറയാതിരുന്നതെന്നും അവന്തിക വ്യക്തമാക്കി. 

‘ഓഗസ്റ്റ് ഒന്നാം തീയതി ഒരു ചാനലിലെ റിപ്പോർട്ടറുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ആണ് രാ​ഹുൽ പുറത്ത് വിട്ടത്. രാഹുൽ എംഎൽഎ സ്ഥാനം കൂടിയുള്ള ആളായത് കൊണ്ട് എനിക്ക് അത് തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. പിന്നീട് രാഹുലിനെതിരെ ആരോപണങ്ങളുമായി യുവനടി രംഗത്തെത്തിയപ്പോഴാണ് ഞാൻ നേരിട്ട ദുരനുഭവം തുറന്ന് പറയണമെന്ന തോന്നൽ ഉണ്ടായത്.’ എന്ന് അവന്തിക പറഞ്ഞു. 

ധൈര്യമുണ്ടെങ്കിൽ രാഹുൽ ടെലഗ്രാം ചാറ്റുകൾ പുറത്തുവിടണമെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത് പഴയ ശബ്ദ സന്ദേശമാണെന്നും അവന്തിക. ടെലഗ്രാമിൽ മോശം രീതിയിൽ സംസാരിച്ച രാഹുൽ വാട്‌സ്ആപ്പിൽ മാന്യമായാണ് സന്ദേശങ്ങൾ അയച്ചത്. ഈ മെസേജ് മാത്രമാണ് രാഹുൽ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത്. സ്‌ക്രീൻ ഷോട്ട് പോലും എടുക്കാനാകാത്ത വിധം വാനിഷ് മോഡിലാണ് രാഹുൽ ചില മെസേജുകൾ അയച്ചത്. നിരന്തരം ഇത്തരം സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും അവന്തിക കൂട്ടിച്ചേർത്തു. അതേസമയം തുറന്ന് പറച്ചിൽ നടത്തിയതിന് ശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് തനിക്ക് നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും താനിപ്പോൾ മാനസികമായി തളർന്ന അവസ്ഥയിലാണെന്നും അവന്തിക പറഞ്ഞു.

ഓ​ഗസ്റ്റ് ഒന്നിന് രാത്രിയിൽ അവന്തിക വിളിച്ചിരുന്നു എന്നും അവന്തികയെ ഒരു ന്യൂസ് റിപ്പോർട്ടർ വിളിച്ച് രാഹുലിനെതിരെ പരാതിയുണ്ടോ, ഏതെങ്കിലും തരത്തിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് അയാൾ അവന്തികയോട് ചോദിച്ചതായി അവന്തിക തന്നെ തന്നോട് പറഞ്ഞതായുമാണ് രാഹുൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. കുടുക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നുണ്ടെന്നും കോൾ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും അവന്തിക പറഞ്ഞതിനെ തുടർന്ന് താൻ അത് അവന്തികയിൽ നിന്നും ചോദിച്ചു വാങ്ങുകയായിരുന്നു എന്നും രാഹുൽ കൂട്ടിച്ചേർത്തു. ഇതിന്റെ തെളിവായി മാധ്യമപ്രവർത്തകനൊപ്പമുള്ള അവന്തികയുടെ ശബ്ദ സന്ദേശവും രാഹുൽ പുറത്തുവിടുകയായിരുന്നു. 

Related Posts