Kerala Lead News News

ചെല്ലുന്നിടത്തെല്ലാം കേറി, മുട്ടയിട്ട് നടക്കുന്ന രാഷ്ട്രീയക്കാരൻ; രാഹുലിനെ പരിഹസിച്ച് വെള്ളാപ്പള്ളി 

കൊച്ചി: യുവതിയെ ​ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ച വിവാദത്തിൽ  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുറന്നടിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഹുൽ സ്ത്രീതൽപ്പരനാണെന്നും പൊയ്മുഖമാണ് രാഹുലിന്റേതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ചെല്ലുന്നിടത്തെല്ലാം കേറി മുട്ടയിട്ട് നടക്കുന്ന രാഷ്ട്രീയക്കാരനാണ് രാഹുൽ. രാഷ്ട്രീയത്തിലായാലും പൊതുപ്രവർത്തനത്തിലായാലും സ്വഭാവശുദ്ധി സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

“രാഹുലിനെ കുറിച്ചുള്ള കമന്റുകൾ വാർത്താ മാധ്യമങ്ങളിലൂടെ കണ്ടപ്പോൾ സ്വഭാവശുദ്ധി അശേഷമില്ലാത്ത നേതാവാണ് രാഹുലെന്ന് വ്യക്തമായി. സ്ത്രീവിഷയത്തിൽ എംഎൽഎ സ്ഥാനം വരെ ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് രാഹുൽ എത്തി. വല്യ കൊമ്പനായി നടിച്ച ആളല്ലേ, രണ്ട് കൊമ്പും ഒടിഞ്ഞ് കാലൊടിഞ്ഞു കിടക്കുന്ന അവസ്ഥയായി ഇപ്പോൾ,” വെള്ളാപ്പള്ളി പരിഹസിച്ചു. 

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. യുവതിക്ക് പിന്നാലെ ട്രാൻസ് ജെൻഡർ യുവതികൂടി കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച് രം​ഗത്തെത്തിയിരുന്നു. കേരളത്തിന് പുറത്ത് കൊണ്ടു പോയി റേപ്പ് ചെയ്യുന്ന പോലെ സെക്സ് ചെയ്യണമെന്നാണ് രാഹുലിന്റെ സംഭാഷണമെന്ന് ട്രാൻസ് യുവതി അവന്തിക ആരോപിച്ചിരുന്നു.  യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെ രാഹുലിന്റെ ചെയ്തികളിൽ അതൃപ്തിയുള്ള നിരവധി വനിതാ നേതാക്കളും പാർട്ടികകത്തുണ്ട് എന്ന ആക്ഷേപവും ശക്തമാണ്.

ഗർഭച്ഛിദ്രത്തിന് രാഹുൽ നിർബന്ധിച്ച പെൺകുട്ടിയോട് സംസാരിക്കുന്ന പുതിയ ശബ്ദരേഖകൾ കൂടി പുറത്തുവന്നു കഴിഞ്ഞു. യുവതിയെ ഭീഷണിപ്പെടുത്തുന്നതാണ് ശബ്ദ സംഭാഷണം. ​ഗർഭം അലസാൻ നിർബദ്ധിക്കുകയും തന്നെ കൊല്ലാൻ ഒരു നിമിഷം പോലും വേണ്ടി വരില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ  ഭീഷണി. ഇതോടെ രാഹുലിന് സംരക്ഷണ കവചമൊരുക്കിയ കോൺ​ഗ്രസ് നേതൃത്വവും വെട്ടിലാകും. ഒരു പരാതിയുമില്ലാത്ത കേസിൽ എന്തിനാണ് രാജി വയ്ക്കുന്നതെന്നാണ് ഷാഫി പറമ്പിലും പ്രതികരിച്ചത്. രാഹുൽ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് ദീപാ ദാസ് മുൻഷിയും പ്രതികരിച്ചിരുന്നു. പുതിയ ശബ്ദരേഖകൾ കൂടി പുറത്ത് വന്നതോടെ രാഹുലിനെ കയ്യൊഴിയാതെ രക്ഷയില്ലെന്ന നിലപാടിലുമാണ് കോൺ​ഗ്രസ്.

Related Posts