തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ നടപടിയ്ക്ക് സാധ്യത. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് ആദ്യ നടപടിയാണെന്നും രാഹുലിനെതിരായ പരാതികളിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ആരോപണമുന്നയിച്ച സ്ത്രീയ്ക്ക് എതിരെ വി.കെ ശ്രീകണ്ഡൻ നടത്തിയ പരാമർശത്തെയും വി.ഡി സതീശൻ തള്ളി. ശ്രീകണ്ഠന്റെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്നും ഒരു കാരണവശാലും കോൺഗ്രസ് ഇത്തരം പ്രോത്സാഹിപ്പിക്കില്ലെന്നും കോൺഗ്രസിൽ അത് നടക്കില്ലായെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പരാമർശത്തിന് പിന്നാലെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. അദ്ദേഹം തിരുത്തുകയും ചെയ്തുവെന്നും സതീശൻ പറഞ്ഞു.
സാമൂഹികമാധ്യമത്തിലൂടെ ആരോപണമുന്നയിക്കുന്ന സ്ത്രീകൾക്കെതിരെ ആരും ഒരുതരത്തിലുള്ള പ്രചരണവും നടത്തരുതെന്നും സതീശൻ. അത് കോൺഗ്രസിന്റെ സംസ്കാരം അല്ലെന്നും കോൺഗ്രസ് പ്രവർത്തകർ അത്തരം കാര്യങ്ങൾ ചെയ്താൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ നിരപരാധിയാണെങ്കിൽ നിരപരാധിത്വം തെളിയിക്കാനുള്ള അവകാശമുണ്ട്. രാഹുലിന് പറയാനുള്ളത് പാർട്ടി കേൾക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം രാഹുലിനെ പുറത്താക്കിയതല്ല, അദ്ദേഹം രാജിവെച്ചതാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി. ആരോപണങ്ങൾ അന്വേഷിക്കുന്നതിന് കെപിസിസി സമിതിയെ നിയോഗിച്ചുവെന്ന വാർത്തയെയും അവർ തള്ളി. ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലായെന്നും മാധ്യമങ്ങളിലുയർന്ന ആരോപണങ്ങൾ മാത്രമാണ് ശ്രദ്ധയിൽ പെട്ടതെന്നും ദീപ ദാസ് മുൻഷി.
രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യവും ശക്തമാകുകയാണ്. ഇക്കാര്യം ചൂണ്ടികാട്ടി ഹൈക്കമാൻഡിന് പരാതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. രാഹുലിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നതാണ് പരാതിയിലെ പ്രധാന ആവശ്യം. എംഎൽഎ ആയതിന് ശേഷമുള്ള സാമ്പത്തിക വളർച്ച ദുരൂഹമാണെന്നും പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് ഒന്നിലധികം പരാതികൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ലഭിച്ചതായാണ് വിവരം. എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തുകയും കെപിസിസി അംഗത്വത്തിൽ നിന്ന് ഒഴിവാക്കുകയും വേണമെന്ന് പരാതിയിൽ പറയുന്നു. ഇടപാടുകളിൽ ഷാഫിക്കും പങ്കുണ്ടെന്നും ഇതും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
















