ന്യൂഡൽഹി: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടികാട്ടി ഹൈക്കമാൻഡിന് പരാതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. രാഹുലിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നതാണ് പരാതിയിലെ പ്രധാന ആവശ്യം. എംഎൽഎ ആയതിന് ശേഷമുള്ള സാമ്പത്തിക വളർച്ച ദുരൂഹമാണെന്നും പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് ഒന്നിലധികം പരാതികൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ലഭിച്ചതായാണ് വിവരം.
എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തുകയും കെപിസിസി അംഗത്വത്തിൽ നിന്ന് ഒഴിവാക്കുകയും വേണമെന്ന് പരാതിയിൽ പറയുന്നു. നിരവധി പരാതികളാണ് രാഹുലിന്റെ രാജിയ്ക്ക് ശേഷവും ഹൈക്കമാൻഡിന് കിട്ടിക്കൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ബിസിനസ് ഇടപാടുകളടക്കമുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. അതേസമയം, പരാതികളിൽ ഷാഫി പറമ്പിലിനെതിരെയും ഗുരുതര ആരോപണങ്ങളാണുള്ളത്. ഇടപാടുകളിൽ ഷാഫിക്കും പങ്കുണ്ടെന്നും ഇതും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
അതേസമയം, സംഘടന തലത്തിലെ നടപടികൾ മതിയെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. എതിർപക്ഷത്ത് നിന്ന് ഉയരുന്ന രാജി ആവശ്യങ്ങളെ തള്ളാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം. അതേസമയം, ആരോപണങ്ങളിലും പരാതികളിലും പ്രത്യേക അന്വേഷണം നടക്കും. ഇതിനായി സമിതി രൂപികരിക്കുകയും പരമാവധി വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാനുമാണ് നീക്കം.
അശ്ലീല സന്ദേശം അയച്ചതും ഗര്‍ഭച്ഛിദ്ര പ്രേരണയും എല്ലാം നേതൃത്വം അന്വേഷിക്കും. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ടുകൊണ്ട് ശരിയായ തീരുമാനം എത്രയും വേഗമെടുക്കണമെന്നതാണ് ഏറ്റവും ഒടുവിൽ ലഭിച്ച കത്തിലെ പ്രധാന ആവശ്യം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഇരു യുവ നേതാക്കളെ കുറിച്ചും മുൻപ് പരാതികൾ ലഭിച്ചിരുന്നുവെന്നാണ് ആരോപണം. ഈ പരാതികൾ മറ്റ് നേതാക്കളെയും നേതൃത്വത്തെയും അറിയിക്കുന്നതിൽ വി.ഡി സതീശനും വീഴ്ച പറ്റിയെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.