Kerala News

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരണം; ബി​ഗ്ബോസ് താരം ജാസ്മിനെതിരെ പരാതി 

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരണം നടത്തിയ ബി​ഗ്ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ള്യുവൻസറുമായ ജാസ്മിൻ ജാഫറിനെതിരെ പരാതി. മതവികാരം വ്രണപ്പെടുത്തി, കലാപാഹ്വാനം എന്നിവ ചൂണ്ടിക്കാട്ടി  ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. നിയമ വശങ്ങള്‍ പരിശോധിച്ച ശേഷം കേസെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്. 

ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും, ക്ഷേത്രക്കുളത്തിലുമാണ് അനുവാദമില്ലാതെ ജാസ്മിനെത്തി റീൽസ് ചിത്രീകരിച്ചത്. റീൽസ് വീഡിയോ ജാസ്മിൻ ജാഫർ എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ആറാട്ടിനടക്കം ഉപയോ​ഗിക്കുന്ന ക്ഷേത്രക്കുളത്തിൽ കാൽ കഴുകി  റീൽസ് ചിത്രീകരിച്ചെന്നാണ് ക്ഷേത്രം അഡ്മിസിട്രേറ്ററുടെ പരാതി. 

ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തില്‍ വീഡിയോ ചിത്രീകരണത്തിന് ഹൈക്കോടതി വിലക്കുണ്ട്. മുൻപ് സമാനമായ കേസിൽ മറ്റൊരു പെൺകുട്ടിയും നിയമനടപടി നേരിട്ടിരുന്നു. അഹിന്ദുക്കള്‍ക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ലെന്നും. അനുമതിയില്ലാതെയാണ് ക്ഷേത്രക്കുളത്തിൽ അതിക്രമിച്ച് കടന്നതെന്നും പരാതിയിൽ പറയുന്നു. ബി​ഗ്ബോസ് റിയാലിറ്റി ഷോയിലെ അവസാന ഘട്ടം വരെ പോരാടിയ മത്സരാർത്ഥിയായിരുന്നു ജാസ്മിൻ. ബി​​ഗ്ബോസിലും വിവാദങ്ങളിൽ നിറഞ്ഞിരുന്നു.

Related Posts