Homepage Featured India News

തെരുവ് നായ്ക്കൾക്ക് പൊതുഇടങ്ങളിൽ ഭക്ഷണം നൽകുന്നത് നിരോധിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: തെരുവുകളിലും പൊതുസ്ഥലങ്ങളിലും തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. ഓരോ മുനിസിപ്പൽ വാർഡിലും അധികാരികൾ സൃഷ്ടിക്കുന്ന പ്രത്യേകസ്ഥലങ്ങളിൽ മാത്രമേ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാവൂ എന്നും കോടതി നിർദ്ദേശിച്ചു. ഈ നിർദ്ദേശം ആരെങ്കിലും ലംഘിക്കുന്നതായി കണ്ടെത്തിയാൽ, അവർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാം. 

തെരുവ് നായ്ക്കൾക്ക് അനിയന്ത്രിതമായി ഭക്ഷണം നൽകുന്നത് മൂലമുണ്ടാകുന്ന അനിഷ്ട സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതി നിർദേശം. തെരുവിലൂടെ നടക്കുന്ന സാധാരണ പൗരന്മാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ഈ രീതി ഇല്ലാതാകണമെന്ന് കോടതി നിരീക്ഷിച്ചു. 

“ഓരോ മുനിസിപ്പൽ വാർഡിലും തെരുവ് നായ്ക്കൾക്ക് തീറ്റ നൽകുന്നതിനായി പ്രത്യേക ഇടങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നടപടികൾ മുനിസിപ്പൽ അധികാരികൾ ഉടൻ ആരംഭിക്കണം. വാർഡിലെ തെരുവ് നായ്ക്കളുടെ എണ്ണം കണക്കിലെടുത്ത് തീറ്റ നൽകുന്ന സ്ഥലം തിരിച്ചറിയണം. അത്തരം പ്രദേശങ്ങളിൽ മാത്രമേ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാവൂ എന്ന് സൂചിപ്പിക്കുന്ന നോട്ടീസ് ബോർഡുകൾ സ്ഥാപിക്കണം. ഒരു സാഹചര്യത്തിലും തെരുവുകളിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് അനുവദിക്കരുത്.” വിധിയിൽ പ്രസ്താവിച്ചു. 

പേ വിഷബാധ സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആക്രമണാത്മക പെരുമാറ്റം കാണിക്കുന്നതോ ആയ നായ്ക്കളെ ഒഴികെ, വാക്സിനേഷനും വന്ധ്യംകരണവും നടത്തിയ ശേഷം, അവയെ എടുത്ത അതേ സ്ഥലത്തേക്ക് തന്നെ വിടണമെന്ന് മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

Related Posts