ന്യൂഡല്‍ഹി: ബിഹാറിലെ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് പേര് പുനഃപരിശോധനയ്ക്കായി ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാമെന്ന് സുപ്രീം കോടതി. ഇതിനായി ഫോമുകള്‍ നേരിട്ട് നല്‍കേണ്ട ആവശ്യമില്ലെന്നും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പതിനൊന്ന് രേഖകളില്‍ ഏതെങ്കിലും ഒന്നോ സമര്‍പ്പിക്കാമെന്ന് കോടതി വ്യക്തമാക്കി.
ആധാർ, റേഷൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ രേഖകൾ തെളിവായി സ്വീകരിക്കാൻ പരിഗണിക്കണമെന്ന് സുപ്രീംകോടതി ജൂലൈ 10ന് നിർദ്ദേശിച്ചെങ്കിലും, കമ്മീഷൻ പിന്നീട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ രേഖകൾ വോട്ടവകാശത്തിന് തെളിവായി കണക്കാക്കാൻ ആകില്ലെന്ന് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഹര്‍ജിക്കാരല്ലാത്ത എല്ലാ അംഗീകൃത പാര്‍ട്ടികളെയും കോടതി ഹര്‍ജികളില്‍ എതിര്‍കക്ഷികളായി ചേര്‍ക്കുകയും വോട്ടർ പട്ടികയില്‍നിന്ന് പുറത്താക്കപ്പെട്ടവരെ പാര്‍ട്ടികള്‍ സഹായിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ഫോമുകള്‍ സമര്‍പ്പിക്കുന്നതിനായി അതാത് ബൂത്തുകളിലെ ആളുകളെ ഓരോ പാർട്ടിയുടെയും ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് സഹായിക്കണം എന്നാണ് ബിഹാറിലെ 12 അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികൾക്കാണ് കോടതി നിര്‍ദേശം നൽകിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ. ബാഗ്ചി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്.
ഏകദേശം 1.6 ലക്ഷം ബൂത്ത് ലെവല്‍ ഏജന്റുമാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടായിട്ടും രണ്ട് എതിര്‍പ്പുകള്‍ മാത്രമാണ് വന്നത് എന്ന കാര്യത്തിൽ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ നല്‍കുന്ന എതിര്‍പ്പുകള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല എന്ന് പാര്‍ട്ടികള്‍ കോടതിയെ അറിയിച്ചു. സമര്‍പ്പിക്കുന്ന ആക്ഷേപങ്ങള്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ രസീതുകള്‍ നല്‍കുന്നില്ല എന്ന ചില ഹര്‍ജിക്കാരുടെ ആശങ്കകള്‍ പരിഗണിച്ച്,
ഫോമുകള്‍ നേരിട്ട് സമര്‍പ്പിക്കേണ്ട ഇടങ്ങളിൽ എല്ലാം ബിഎല്‍ഒമാര്‍ രസീത് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിനിടെ, കോടതി നിര്‍ദ്ദേശ പ്രകാരം കരട് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ പേരുകളും ഒഴിവാക്കാനുള്ള കാരണങ്ങളും അടങ്ങിയ പട്ടിക പോളിങ് ബൂത്തുകളിലും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
















