Kerala News

രാഹുലിനെതിരായ ആരോപണം: എംഎൽഎ സ്ഥാനം രാജിവെക്കില്ല, അന്വേഷണത്തിന് സമിതി

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണ്ടെന്ന് കോൺഗ്രസ്. സംഘടന തലത്തിലെ നടപടികൾ മതിയെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. എതിർപക്ഷത്ത് നിന്ന് ഉയരുന്ന രാജി ആവശ്യങ്ങളെ തള്ളാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം. അതേസമയം, ആരോപണങ്ങളിലും പരാതികളിലും പ്രത്യേക അന്വേഷണം നടക്കും. ഇതിനായി സമിതി രൂപികരിക്കുകയും പരമാവധി വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാനുമാണ് നീക്കം. 

അശ്ലീല സന്ദേശം അയച്ചതും ഗര്‍ഭച്ഛിദ്ര പ്രേരണയും എല്ലാം നേതൃത്വം അന്വേഷിക്കും. പാര്‍ട്ടിക്ക് ലഭിച്ച മറ്റു പരാതികളും പരിശോധിക്കും. എഐസിസി തലത്തിലും ഹൈക്കമാൻഡിനുമടക്കം രാഹുലിനെതിരെ മുൻപ് പരാതികൾ ലഭിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. അന്വേഷണത്തിന് സമിതിയെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ആരംഭിച്ചിട്ടുണ്ട്. 

കെപിസിസി നിയോഗിക്കുന്ന സമിതിയിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തിൽ തീരുമാനമുടൻ ഉണ്ടാകും. രാഹുലിനെതിരായ ആരോപണങ്ങള്‍ സമിതി വിശദമായി പരിശോധിക്കും. എന്തൊക്കെ ആരോപണങ്ങൾ എന്തൊക്കെ, അതിലെ സത്യമെന്ത് തുടങ്ങിയ കാര്യങ്ങളാകും സമിതി പരിശോധിക്കുക. പേര് വെളിപ്പെടുത്താതെ ഉയർന്നുവന്ന ആരോപണങ്ങൾക്ക് പിന്നാലെ പേര് വെളിപ്പെടുത്തിയും ഓഡിയോ റെക്കോർഡിംഗുകളും സ്ക്രീൻ ഷോട്ടുകളുമടക്കമുള്ള തെളിവുകൾ നിരത്തിയുമുള്ള ആരോപണങ്ങളും പരാതികളും കോൺഗ്രസിന് തന്നെ വലിയ ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്. 

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞെങ്കിലും എംഎൽഎ സ്ഥാനത്ത് തുടരുന്നതിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് സിപിഎമ്മും ബിജെപിയും. എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യം ബിജെപി ഉയര്‍ത്തിയിട്ടുണ്ട്. നിയമനടപടികളിലേക്ക് കടന്നാല്‍ അക്കാര്യത്തില്‍ തീരുമാനം കടുപ്പിക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. മുകേഷ് അടക്കമുള്ള മറ്റ് എംഎൽഎമാർക്ക് എതിരെ ആരോപണം വന്നപ്പോൾ രാജിവെക്കാത്ത സാഹചര്യം ചൂണ്ടികാട്ടിയാണ് കോൺഗ്രസും സമാന നിലപാട് സ്വീകരിച്ചിരിക്കുന്നത്. 

എന്നാൽ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് രാഹുലിനെ പൂർണമായും മാറ്റി നിർത്തു. പരിപാടികളിലും തത്ക്കാലം പങ്കെടുപ്പിക്കില്ല. രാഹുലിനെ പാലക്കാട് പൊതുപരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന നിലപാടിലാണ് ഇടത് സംഘടനകളും ബിജെപിയും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതയും പൂർണമായി അവസാനിച്ച മട്ടാണ്. പകരക്കാരനെ കണ്ടെത്താനുള്ള ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം കടന്നിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

അതേസമയം, സംസ്ഥാന അധ്യക്ഷ പദവി രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിന് പകരക്കാരനെ കണ്ടെത്താൻ യൂത്ത് കോൺഗ്രസ്. നിലവിലെ സാഹചര്യത്തിൽ എത്രയും വേഗം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടതുണ്ട് എന്ന വിലയിരുത്തലിലാണ് നേതൃത്വം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി കോൺഗ്രസ് നേതാക്കളുമായി ചർച്ച ആരംഭിച്ചതായാണ് റിപ്പോർട്ട്. സംസ്ഥാന ഉപധ്യക്ഷൻ അബിൻ വർക്കിയുടേതാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്ന പ്രധാന പേരുകളിലൊന്ന്. ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ, മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റും എൻ.എസ്.യു ജനറൽ സെക്രട്ടറിയുമായ കെ.എം അഭിജിത്ത് എന്നിവരുടെ പേരുകളും സജീവമായി പരിഗണിക്കുന്നുണ്ട്. 

Related Posts