തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിയ സംസ്ഥാന അധ്യക്ഷ പദവി രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിന് പകരക്കാരനെ കണ്ടെത്താൻ യൂത്ത് കോൺഗ്രസ്. നിലവിലെ സാഹചര്യത്തിൽ എത്രയും വേഗം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടതുണ്ട് എന്ന വിലയിരുത്തലിലാണ് നേതൃത്വം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി കോൺഗ്രസ് നേതാക്കളുമായി ചർച്ച ആരംഭിച്ചതായാണ് റിപ്പോർട്ട്. സംസ്ഥാന ഉപധ്യക്ഷൻ അബിൻ വർക്കിയുടേതാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്ന പ്രധാന പേരുകളിലൊന്ന്.
ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ, മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റും എൻ.എസ്.യു ജനറൽ സെക്രട്ടറിയുമായ കെ.എം അഭിജിത്ത് എന്നിവരുടെ പേരുകളും സജീവമായി പരിഗണിക്കുന്നുണ്ട്. ഇതോടൊപ്പം ഒ.ജെ ജനീഷ്, ജെ.എസ് അഖിൽ അടക്കമുള്ളവരെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. പരമാവധി വേഗത്തിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നാണ് യൂത്ത് കോൺഗ്രസും നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയിലുള്ള കെസി വേണുഗോപാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചതായും അറിയാൻ സാധിക്കുന്നു.
മുൻപ് നടന്ന സംഘടന തെരഞ്ഞെടുപ്പില്‍ രാഹുലിന് തൊട്ടുപിന്നിലായിരുന്നു അബിന്‍ വര്‍ക്കി. ചാനല്‍ ചര്‍ച്ചകളില്‍ സജീവമായ അബിന്‍ വര്‍ക്കിയെ പൊതുജനങ്ങള്‍ക്കും കാര്യമായി അറിയാം. രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും അബിൻ വർക്കിയായിരുന്നു ചുക്കാൻ പിടിച്ചിരുന്നത്. അതിനാല്‍ തന്നെ നിലവിലെ സാഹചര്യത്തില്‍ അബിന്‍ വര്‍ക്കി സംഘടനയെ നയിക്കട്ടെ എന്നാണ് യൂത്ത് കോണ്‍ഗ്രസിനുള്ളിലെ നിലപാട്. തെരഞ്ഞെടുപ്പ് മാനദണ്ഡം അനുസരിച്ചാണെങ്കിൽ അബിനാണ് അധ്യക്ഷനാകേണ്ടതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. മുന്‍ എന്‍.എസ്.യു സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നേരത്തെ നടന്ന യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ ഭാഗമായിരുന്നില്ല എങ്കിലും കെ.എം അഭിജിത്തിനെ സജീവമായി തന്നെ പരിഗണിച്ചേക്കും. ദേശീയ പുനഃസംഘടനയില്‍ സെക്രട്ടറി സ്ഥാനത്തേക്ക് അവസാന നിമിഷംവരെ അഭിജിത്തിന്റേ പേര് പരിഗണനയിലുണ്ടായിരുന്നെങ്കിലും പിന്നീട് തഴയപ്പെടുകയായിരുന്നു.കഴിഞ്ഞ സംഘടന തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി അവസാനം വരെ പരിഗണിച്ചിരുന്നത് അഖിലിനെ ആയിരുന്നു. പലഘട്ടത്തില്‍ പാര്‍ട്ടിയുടെ വിവിധ സ്ഥാനങ്ങളില്‍ നിന്നും അവഗണിക്കപ്പെട്ട അഖിലിനെ ഇത്തവണ അധ്യക്ഷനാക്കണം എന്ന ആവശ്യവും ശക്തമാണ്.