Homepage Featured Kerala News

സതീശൻ പേരു വെട്ടി; പാർട്ടിയിൽ രാഹുലിന്റെ രാഹുകാലം തുടങ്ങിയതെപ്പോൾ? 

കൊച്ചി. സമരങ്ങളെക്കാളധികം ചാനൽ ചർച്ചകളിലൂടെ ഉയർന്നുവന്ന പേരാണ് രാഹുൽ മങ്കൂട്ടത്തിന്റേത്. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ കോൺഗ്രസിന്റെ യൂത്ത് ബ്രിഗേഡ് എന്ന രീതിയിൽ രാഹുലിനൊപ്പം ഒരുപറ്റം യുവാക്കൾ ഉയർന്നു വന്നതോടെ അവർക്കുള്ള സ്വീകാര്യതയും കൂടി. സമൂഹമാധ്യമങ്ങളിൽ സി പി എമ്മിന്റെ കടന്നൽക്കൂട്ടങ്ങളെ നേർക്കുനേർ നിന്ന് തിരിച്ചടിച്ചപ്പോൾ അണികൾക്കും അത് ആവേശമായി. ഈ ആവേശം തന്നെയായിരുന്നു പുതിയ കാലത്തെ യൂത്ത് കോൺഗ്രസിന്റെ വളർച്ചയും. 

ചില സീനിയർ നേതാക്കളുമായി പല കാര്യത്തിലും അസ്വാരസ്യങ്ങൾ ഉണ്ടായപ്പോഴും വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ രക്ഷയ്ക്ക് എത്തി. രാഹുലിനെ കൈപിടിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഷാഫി പറമ്പലിനെ പോലൊരാൾ എപ്പോഴും കൂടെയുണ്ടായിരുന്നു. പാലക്കാട് ഷാഫി ഒഴിയുമ്പോൾ പകരം രാഹുൽ മാങ്കൂട്ടം കടന്നുവരുമെന്ന് അപ്പോഴേ ഉറപ്പിച്ചു. ആ തീരുമാനത്തിന് മുഴുവൻ പിന്തുണയും വി ഡി സതീശനും നൽകി. എന്നാൽ എംഎൽഎ ആയതോടെ രാഹുലിന്റെയും ഒപ്പമുള്ളവരുടെയും നിലപാടുകളിൽ മാറ്റം വരുന്നതായി പലപ്പോഴും പരാതി ഉയർന്നിരുന്നു. 

മുതിർന്ന നേതാക്കളോട് വേണ്ടവിധം ഒരു കൂടിയാലോചനയും നടത്താതെ തീരുമാനങ്ങൾ എടുക്കുന്നു എന്ന ആക്ഷേപവും ഉയർന്നു. പ്രതിപക്ഷ നേതാവിന്റെ പിന്തുണയുള്ളതുകൊണ്ടുതന്നെയാണ് പലപ്പോഴും യൂത്ത് കോൺഗ്രസിലെ തന്നെ പടല പിണക്കങ്ങൾ ആരും പുറത്ത് പറയാതിരുന്നതും. 

എന്നാൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിലെ പല സമവാക്യങ്ങളും മാറ്റിമറിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു പി വി അൻവർ കോൺഗ്രസിൽ സൃഷ്ടിച്ച പ്രതിസന്ധി. പി വി അൻവറിനെ ഏതാണ്ട് ഒറ്റയ്ക്ക് നിന്ന് പ്രതിരോധിച്ചാണ് വി ഡി സതീശൻ യുഡിഎഫിന് പുറത്തു നിർത്തിയത്. അൻവറിന്റെ വഴിയടഞ്ഞുവെന്നും സതീശൻ അടച്ചുവെന്നും പരസ്യമായി പറയുമ്പോഴും അൻവറുമായി ചർച്ച നടത്താൻ രാഹുൽ ഒറ്റയ്ക്ക് ഇറങ്ങി പുറപ്പെട്ടു. ഈ ചർച്ച തന്നെയാണ് രാഹുൽ ഇപ്പോൾ പാർട്ടിക്കകത്ത് ഒറ്റപ്പെടാനുള്ള ഏറ്റവും വലിയ കാരണവും.  

 വി ഡി സതീശൻ ഈ സംഭവത്തിൽ പരസ്യമായി തന്നെ രാഹുലിനെ തള്ളിപ്പറഞ്ഞു. അതുമാത്രമല്ല രാഹുലിന്റെയും ഷാഫിയുടെയും നേതൃത്വത്തിലുള്ള ഒരു സംഘം കെ സി വേണുഗോപാൽ വഴി ഹൈക്കമാന്റിനോട് അടുത്തു കൂടുന്നതും പലരെയും ചൊടിപ്പിച്ചു.  നിലവിലുള്ള സംരക്ഷണത്തിൽ നിന്ന് രാഹുലും ഷാഫിയുമെല്ലാം അതോടെ പുറത്തായി. ഈ സമയത്തു തന്നെയാണ് യുവ നേതാവിനെ കുറിച്ച് പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞ യുവനടി മാധ്യമങ്ങളോടും തുറന്നു പറച്ചിലുകൾ നടത്തുന്നത്. 

തൊട്ടു പിന്നാലെയുള്ള പരാതികളുടെയും ആരോപണങ്ങളുടെയും പെരുമഴയിൽ രാഹുലിനെ കുടയിൽ നിർത്താൻ ആരുമുണ്ടായില്ല. എപ്പോഴും രക്ഷകനായിരുന്ന വി ഡി സതീശൻ തന്നെയാണ് ആരെയും സംരക്ഷിക്കില്ല എന്ന് പരസ്യമായി ആദ്യം പറഞ്ഞതും. കൈപിടിച്ചുകൊണ്ട് നടന്ന ഷാഫി പറമ്പിൽ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് വന്നതുമില്ല. എല്ലാ വഴികളും അടഞ്ഞതോടെ രാജിവെക്കാൻ രാഹുൽ  നിർബന്ധിതനായി.

Related Posts