Homepage Featured Kerala News

രാഹുലിനെതിരെ തെളിവുണ്ട്; രാജിയാവശ്യം കേരളത്തിന്റെ പൊതുവികാരമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെയും പരാതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തൽസ്ഥാനം രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെയ്ക്കണമെന്നുള്ളത് കേരളത്തിന്റെ പൊതുവികാരമാണെന്നും നടപടി എന്തെന്ന് കോൺഗ്രസ് ആണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഒരു എംഎൽഎയ്‌ക്കെതിരായി ഇന്നേവരെ ഇത്ര വ്യക്തമായ തെളിവുകളുമായി പരാതി പെരുമഴ പ്രവാഹം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

“രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങളല്ല, വ്യക്തമായ തെളിവുകളാണ് പുറത്തു വന്നത്. എല്ലാം അറിഞ്ഞിട്ടും രാഹുലിന് പദവികൾ നൽകി. പിതൃതുല്യനായി കാണുന്ന പ്രതിപക്ഷ നേതാവിനെ വിഷയം അറിയിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ലെന്ന് കഴിഞ്ഞ ദിവസം യുവതി വ്യക്തമാക്കിയിരുന്നു. ഈ പരാതിക്കു ശേഷമാണ് ജനപ്രതിനിധിയാകുന്നതടക്കമുള്ള സ്ഥാനങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കുന്നത്. ഇത് വളരെ ​ഗൗരവതരമായ പ്രശ്നമാണ്,” അദ്ദേഹം പറഞ്ഞു.

സംഘടന തലത്തിലെ നടപടികൾ മതിയെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. എതിർപക്ഷത്ത് നിന്ന് ഉയരുന്ന രാജി ആവശ്യങ്ങളെ തള്ളാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം. അതേസമയം, ആരോപണങ്ങളിലും പരാതികളിലും പ്രത്യേക അന്വേഷണം നടക്കും. ഇതിനായി സമിതി രൂപികരിക്കുകയും പരമാവധി വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാനുമാണ് നീക്കം. അശ്ലീല സന്ദേശം അയച്ചതും ഗര്‍ഭച്ഛിദ്ര പ്രേരണയും എല്ലാം നേതൃത്വം അന്വേഷിക്കും. പാര്‍ട്ടിക്ക് ലഭിച്ച മറ്റു പരാതികളും പരിശോധിക്കും.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞെങ്കിലും എംഎൽഎ സ്ഥാനത്ത് തുടരുന്നതിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് സിപിഎമ്മും ബിജെപിയും. എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യം ബിജെപി ഉയര്‍ത്തിയിട്ടുണ്ട്. നിയമനടപടികളിലേക്ക് കടന്നാല്‍ അക്കാര്യത്തില്‍ തീരുമാനം കടുപ്പിക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. മുകേഷ് അടക്കമുള്ള മറ്റ് എംഎൽഎമാർക്ക് എതിരെ ആരോപണം വന്നപ്പോൾ രാജിവെക്കാത്ത സാഹചര്യം ചൂണ്ടികാട്ടിയാണ് കോൺഗ്രസും സമാന നിലപാട് സ്വീകരിച്ചിരിക്കുന്നത്. 

Related Posts