Kerala News

ജയിക്കാൻ വേണ്ടി ഇനിയും വോട്ട് ചേർക്കും; ക്രമക്കേട് സമ്മതിച്ച് ബി ഗോപാലകൃഷ്ണൻ

തൃശ്ശൂർ: വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങൾ ശരിവെച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ജയിക്കാൻ ഇനിയും വോട്ട് ചേർക്കുമെന്ന് പറഞ്ഞ ഗോപാലകൃഷ്ണൻ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാനരന്മാർ പരാമർശത്തെ ന്യായീകരിക്കുകയും ചെയ്തു. വാനരന്മാർ എന്ന് പറയുന്നത് നമ്മൾ എന്ത് ചെയ്താലും അത് നോക്കി അതേപോലെ ചെയ്യുന്നവരാണ്. രാഹുൽ ഗാന്ധി ചെയ്യുന്നത് അതുപോലെ ആവർത്തിക്കുകയാണ് ഇവിടെ ചിലർ ചെയ്യുന്നതെന്നും ഗോപാലകൃഷ്ണൻ. 

“ജയിക്കാൻ ഉദ്ദേശിച്ച മണ്ഡലങ്ങളിൽ ജമ്മു കാശ്മീരിൽ നിന്ന് വരെ ആളുകളെ കൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. നാളെയും അത് ആവർത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല.” ഗോപാലകൃഷ്ണൻ വ്യക്തമാക്കി. 2029ലും 2034ലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കുമെന്നും ഇനിയും വോട്ട് ചേര്‍ക്കുമെന്നും നേരത്തെ മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പറഞ്ഞിരുന്നു. 

സംസ്ഥാനത്ത് ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടി 60,000 അനധികൃത വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ എല്‍ഡിഎഫും യുഡിഎഫും എന്തുകണ്ടിരിക്കുകയായിരുന്നെന്നാണ് സുരേന്ദ്രൻ ചോദിച്ചത്. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും വര്‍ഷത്തില്‍ മൂന്ന് തവണ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിട്ടുണ്ട്. നേരത്തെ അത് ഒരു തവണയായിരുന്നു. ആറ് മാസത്തിലധികം സ്ഥിരതാമസമുള്ള ഏത് പൗരനും മണ്ഡലത്തില്‍ വോട്ട് ചേര്‍ക്കാമെന്നും സുരേന്ദ്രൻ ന്യായീകരിച്ചിരുന്നു. 

രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിന് പിന്നാലെ തൃശ്ശൂരിൽ വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി വിവിധ രാഷ്ട്രീയ സംഘടനകൾ കണ്ടെത്തിയിരുന്നു. നിരവധി വോട്ടുകളാണ് വ്യാജ മേൽവിലാസങ്ങളിൽ മണ്ഡലത്തിൽ ഉൾപ്പെടുത്തിയതായി കണ്ടെത്തിയത്. 

Related Posts