തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്‌തമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തോട്ടം മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ ആവശ്യങ്ങൾക്കായി പോരാടുന്നതിലും മുൻനിരയിലുണ്ടായിരുന്ന നേതാവായിരുന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം എഐടിയുസി സംസ്ഥാന ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2021-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിപിഐ നേതാവ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്.