അടൂർ: യുവനടി ഉന്നയിച്ച ലൈംഗിക ആരോപണത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കുട്ടത്തിൽ രാജി വെച്ചു. ആരോപണം ഉന്നയിച്ച നടി ഏറ്റവും അടുത്ത സുഹൃത്താണെന്നും നല്ല ബന്ധമാണുള്ളതെന്നും പറഞ്ഞു. നടി ഉന്നയിച്ച പരാതി തനിക്കെതിരെയാണെന്ന് വിശ്വസിക്കുന്നില്ലെന്നും പരാതിയിലെവിടെയും തന്റെ പരാമർശിക്കുന്നില്ലെന്നും രാഹുൽ. ഈ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വപ്പെട്ട ആരും എന്നോട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടട്ടില്ലായെന്നും പറഞ്ഞു നിമിഷങ്ങൾക്കകം രാജി പ്രഖ്യാപിക്കുകയായിരുന്നു.
രാജിക്കത്ത് യൂത്ത് കോൺഗ്രസ് നേതൃത്തിന് കൈമാറി. യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തിൽ ഉയർന്ന വിവാദങ്ങളെ തുടർന്ന് ആണ് രാജി. വിഷയത്തിൽ ധാർമികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് രാഹുൽ വ്യക്തമാക്കി. അടൂരിലെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. പാർട്ടി പ്രവർത്തകർ സർക്കാരിനെതിരായി നിലപാടെടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളിൽ ന്യായീകരിക്കേണ്ടി വരുന്ന പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് രാജിവെക്കുകയാണ്. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവെക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
പുറത്തുവന്ന വാർത്തകളിൽ പോലും നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ല. തനിക്കെതിരെ ചമയ്ക്കപ്പെട്ട ഒരു പരാതി പോലുമില്ല. യുവ നടി തന്നെ പറ്റിയാണ് പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ല. മാധ്യമങ്ങളാണ് എന്റെ പേര് പറഞ്ഞതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. അതേസമയം, ഹണി ഭാസ്ക്കറിന്റെ ആരോപണവും രാഹുൽ തള്ളി. താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കിൽ പരാതി നൽകട്ടെയെന്നും. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ എന്ത് നടപടിയും നേരിടാൻ തയ്യാറാണെന്നും രാഹുൽ പറഞ്ഞു.
“ഇവര്‍ ശ്രീലങ്കയില്‍ പോയപ്പോള്‍ പങ്കുവച്ച സ്റ്റാറ്റസിന് ലൗ ചിഹ്നമിട്ടത് എങ്ങിനെ ഫ്‌ളേർട്ടിങ് ആകും? പരാതിയുണ്ടെങ്കില്‍ അത് നിയമപരമായി നേരിടും. ഞാന്‍ നിയമവിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തനം ചെയ്യുന്നുണ്ടോ? അതാണ് നിങ്ങള്‍ പരിഗണിക്കേണ്ടത്. എനിക്കെതിരേ ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെന്ന് വി.ഡി. സതീശന്‍ എന്നോട് വ്യക്തിപരമായി പറഞ്ഞിട്ടില്ല. ആര്‍ക്കെങ്കിലും എന്നെക്കുറിച്ച് പരാതിയുണ്ടോ? അതല്ലേ പരിഗണിക്കേണ്ടത്. ശ്രീലങ്കയും ലൗ ചിഹ്നവും കാണിച്ച് ഞാന്‍ ഫ്‌ലേര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്ന് പറയുന്ന അവര്‍ എന്നെക്കുറിച്ച് മറ്റ് തെളിവുകളുണ്ടെങ്കില്‍ പുറത്ത് കൊണ്ടുവരട്ടെ. പരാതി നല്‍കട്ടെ. നിയമപരമായി നേരിടാം.” രാഹുൽ പറഞ്ഞു.
















