2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗ്ലാമര്‍ പോരാട്ടം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്. കോണ്‍ഗ്രസിനായി കെ.മുരളീധരന് വീണ്ടും കളത്തിലിറങ്ങുമെന്ന് ഉറപ്പായി. സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്ത് തന്നെയാകും എല്‍ഡിഎഫിനായി മത്സരിക്കുക. ബിജെപി സ്ഥാനാര്‍ഥിയായി കെ.മുരളീധരന്റെ സഹോദരി പത്മജ എത്തുമോ?
ഉറപ്പിച്ച് മുരളീധരന്
തൃശൂരിലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ച മുരളീധരന് നിലപാട് മാറ്റി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയാണ്. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ മുരളീധരന് ചോദിക്കുന്ന സീറ്റ് നല്കാന് കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്. തൃശൂരില്‍ തന്നെ ബലിയാടാക്കിയെന്ന മുരളീധരന്റെ വിഷമം പരിഹരിക്കുക കൂടിയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
2011 മുതല്‍ 2019 വരെ വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയിരുന്നു മുരളീധരന്. 2019 ല്‍ മുരളീധരന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഉപതിരഞ്ഞെടുപ്പ് നടക്കുകയും വി.കെ.പ്രശാന്ത് മണ്ഡലം പിടിക്കുകയും ചെയ്തു. താന്‍ തിരിച്ചെത്തിയാല്‍ വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിനു അനുകൂലമാകുമെന്ന് മുരളീധരന് കരുതുന്നു. മണ്ഡലത്തില്‍ സുപരിചിതന്‍ ആയതിനാല്‍ 2026 ല്‍ വട്ടിയൂര്‍ക്കാവ് തന്നെ മത്സരിക്കുമെന്ന് മുരളീധരന് പറയുന്നു.
വരുമോ പത്മജ?
2024 ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്. അതിനുശേഷം മുരളീധരനുമായി അത്ര നല്ല ബന്ധത്തിലല്ല. പത്മജയോടു കരുണാകരന്റെ ആത്മാവ് പൊറുക്കില്ലെന്നും ഇനി അവരുമായി യാതൊരു ബന്ധവുമില്ലെന്നും മുരളീധരന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മുരളീധരനെതിരെ വട്ടിയൂര്‍ക്കാവില്‍ പത്മജയെ തന്നെ കളത്തിലിറക്കാനാണ് ബിജെപിയുടെ ആലോചന. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ പത്മജയും തയ്യാറാണ്. ഇക്കാര്യത്തില്‍ ബിജെപി അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും ഏറെക്കുറെ ‘സഹോദര’ പോരിനാണ് വട്ടിയൂര്‍ക്കാവില്‍ കളമൊരുങ്ങുന്നത്. അതേസമയം പാര്‍ട്ടിയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയേ നടന്നിട്ടില്ലെന്നാണ് പത്മജയുടെ പ്രതികരണം.
പ്രശാന്ത് തുടരുമോ?
ഇടതുപക്ഷത്തിനായി പ്രശാന്ത് വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായി. എന്നാല്‍ മുരളീധരനും പത്മജയും വരുമ്പോള്‍ ഇത്തവണ പ്രശാന്തിനു അത്ര എളുപ്പമായിരിക്കില്ല. മുന്‍ എംഎല്‍എ ആയതിനാല്‍ മുരളീധരന് ശക്തമായ വെല്ലുവിളി ഉയര്‍ത്താനും സാധ്യതയുണ്ട്. 2021 ല്‍ വി.കെ.പ്രശാന്ത് 61,111 വോട്ടുകള്‍ നേടിയാണ് വട്ടിയൂര്‍ക്കാവ് ജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി വി.വി.രാജേഷ് ആയിരുന്നു രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വീണ നായര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 21,515 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രശാന്തിന്റെ ജയം.