Kerala Lead News News

മുഖം നോക്കാതെ നടപടിയെടുക്കും; ഒരു അച്ഛൻ എന്ത് ചെയ്യുമോ അത് ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് 

തിരുവനന്തപുരം: രാഹുൽ മാങ്കുട്ടത്തിലിനെതിരായ ലൈംഗിക ആരോപണ പരാതി സ്ഥിരീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതിശൻ. പരാതി ഗൗരവമായി പരിശോധിച്ചു നടപടി എടുക്കുമെന്നും അതിന് താൻ തന്നെ മുൻകൈ എടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മകളെപ്പോലെ കണ്ട യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. ഒരു അച്ഛൻ എന്ത് ചെയ്യുമോ അത് ചെയ്തിട്ടുണ്ടെന്നും ആരായാലും വിട്ടു വീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. 

“മെസേജ് അയച്ച വിഷയം തന്റെ മുന്നിലെത്തിയിരുന്നു. ഒരു പിതാവിനെ പോലെ മെസേജ് അയച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ ഇടപെടല്‍ നടത്തി. ഇപ്പോള്‍ ഉയര്‍ന്ന മറ്റു ആരോപണങ്ങളൊന്നും തനിക്ക് മുന്നില്‍ എത്തിയിട്ടില്ല. പാര്‍ട്ടിക്കകത്തുള്ള ഏത് നേതാവിനെതിരെയും ഇതുപോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ വന്നാല്‍ പാര്‍ട്ടി അത് ഗൗരവമായി പരിശോധിക്കുകയും മുഖംനോക്കാതെ നടപടിയെടുക്കുകയും ചെയ്യും. ആരായാലും ഒരു വിട്ടുവീഴ്ചയും ചെയ്യില്ല.” വി.ഡി സതീശൻ പറഞ്ഞു. 

അതേസമയം, രാഹുലിനെതിരെ നടപടി വേണമെന്ന നിർദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ഇക്കാര്യം ഹൈക്കമാൻഡിനെയും കേരളത്തിലെ നേതാക്കളെയും ചെന്നിത്തല നിലപാടറിയിച്ചിട്ടുണ്ട്. രാഹുലിനെതിരായ ആരോപണങ്ങളിൽ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും, കാത്തിരുന്നു കാണു പിന്നീട് പറയാമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ തീരുമാനം നേതൃത്വം പറയുമെന്ന നിലപാടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ സ്വീകരിച്ചത്. രാഹുലിനെതിരായ ആരോപണം സംബന്ധിച്ചുള്ള വിഷയം ഔദ്യോഗികമായി അച്ചടക്ക സമിതിക്ക് മുന്നിൽ എത്തിയിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. 

രാഹുലിനെതിരായി ഉയർന്നുവരുന്ന ആരോപണങ്ങളിൽ വലിയ അതൃപ്തിയാണ് നേതൃത്വത്തിനുള്ളത്. പരാതികളിൽ എഐസിസി തന്നെ കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. നേതൃത്വത്തിന് ലഭിച്ച പരാതികൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി കെപിസിസിയ്ക്ക് കൈമാറുകയും ചെയ്തു. ഈ ഘട്ടത്തിൽ രാഹുലിൽ നിന്നും രാജി എഴുതി വാങ്ങിക്കാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 

വെളിപ്പെടുത്തലുകൾക്ക് മുൻപ് തന്നെ എഐസിസി തലത്തിലടക്കം രാഹുലിനെതിരായ പരാതികൾ ലഭിച്ചിരുന്നതായാണ് വിവരം. ഈ പരാതികളുടെ കൂടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ നടപടിക്ക് കോൺഗ്രസ് നേതൃത്വം ഒരുങ്ങുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെങ്കിലും പാലക്കാട് എംഎൽഎ ആയി രാഹുൽ തുടരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള നേതാക്കൾക്കും നിലവിലെ സാഹചര്യത്തോടെ കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ, തെരഞ്ഞെടുപ്പുകൂടി അടുത്തിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ശക്തമായ നടപടികളിലേക്ക് കോൺഗ്രസ് പോയേക്കും. 

Related Posts