Homepage Featured Kerala News

ബലൂൺ പോലെ ഊതിവീർപ്പിച്ച രാഷ്ട്രീയ മേൽവിലാസം; രാഹുലിന്റെ ഭാവിയെന്ത് ?

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അറസ്റ്റിലായതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടുതൽ വാർത്താപ്രാധാന്യം നേടുന്നത്. വ്യാജ പ്രസിഡന്റ് എന്ന എതിർകക്ഷി ആരോപണങ്ങൾക്കിടയിലും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം രാഹുലിന് മികച്ച കളമാണ് സമ്മാനിച്ചത്. ഷാഫി പറമ്പിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒഴിവ് വന്ന പാലക്കാട് സീറ്റിൽ നറുക്ക് വീണതും രാഹുലിനായിരുന്നു. മിന്നും ജയം സ്വന്തമാക്കാൻ സാധിച്ചെങ്കിലും ബലൂൺ പോലെ ഊതിവീർപ്പിച്ച രാഷ്ട്രീയ മേൽവിലാസം പെണ്ണുകേസിൽ കളഞ്ഞ അവസ്ഥയാണ് ഇപ്പോൾ രാഹുലിന്റേത്. 

പാർട്ടിക്കുള്ളിലെ വമ്പന്മാർക്കെതിരെ പോലും നേരിട്ടും പരോക്ഷമായും പ്രതികരിച്ച് കയ്യടി നേടിയ രാഹുൽ പാർട്ടിക്കുള്ളിലെ കരടായി മാറിയിരുന്നു. മുൻപ് പത്മജ വേണു​ഗോപാലിന് നേരേ നടത്തിയ വ്യക്തിപരമായ ആക്ഷേപം കെ കരുണാകരനെന്ന കോൺഗ്രസുകാരുടെ എക്കാലത്തെയും ലീഡറിനെ പോലും അപമാനിക്കുന്നതായി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സജീവമായ രാഹുലിന്റെ മുഖ്യധാര പ്രവേശനം ഏതൊരു പ്രവർത്തകനിലും അസൂയ ജനിപ്പിക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങളും പരാതികളും രാഹുലിന്റെ രാഷ്ട്രീയ ഭാവിയുടെ മൂലകല്ലിളക്കുന്നതായി വിലയിരുത്തപ്പെടുന്നത്. 

റിനിയുടെ ആരോപണവും ഹണിയുടെ വെളിപ്പെടുത്തലും

അസാധരണമായ നീക്കങ്ങൾക്കും രാഷ്ട്രീയ സാഹചര്യങ്ങൾക്കുമാണ് ബുധനാഴ്ച വൈകിട്ട് മുതൽ കേരളം സാക്ഷിയായത്. മാധ്യമപ്രവർത്തകയും അഭിനേത്രിയുമായ റിനി ആൻ ജോർജ് ഒരു അഭിമുഖത്തിൽ തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞതായിരുന്നു സംഭവവികാസങ്ങളുടെ തുടക്കം. പേരെടുത്ത് പറയാതെ സംസ്ഥാനത്തെ ജനപ്രതിനിധിയായ യുവനേതാവ് അശ്ലീല സന്ദേശമയച്ചുവെന്നും മോശമാണെന്ന് താക്കീത് ചെയ്ത ശേഷവും ഇത് തുടർന്നുവെന്നുമായിരുന്നു റിനി പറഞ്ഞത്. പ്രസ്ഥാനത്തിലെ നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും റിനി തുറന്നടിച്ചു. 

ഇതിന് പിന്നാലെയാണ്, പ്രവാസി എഴുത്തുകാരിയായ ഹണി ഭാസ്കർ എന്ന യുവതിയും സമാന ആരോപണവുമായി രംഗത്തെത്തുന്നത്. രാഹുൽ മാങ്കുട്ടത്തിനെ പേരെടുത്ത് പറഞ്ഞാണ് ഹണി ഭാസ്കർ വിമർശിച്ചത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയ്ക്ക് ലൈക്ക് അടിച്ച് പ്രതികരിച്ച് തുടങ്ങിയ സംഭാഷണം ദിശമാറാൻ തുടങ്ങിയപ്പോൾ നിർത്തിയെന്നാണ് അവർ പറയുന്നത്. മാത്രമല്ല രാഹുൽ മാങ്കൂട്ടത്തിന്റെ ഇരകളായവരിൽ കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളുമെല്ലാം ഉണ്ടെന്ന് ഹണിയും കുറ്റപ്പെടുത്തി. 

ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ

യുവതിയെ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്തുവന്നത് സാഹചര്യം കൂടുതൽ വഷളാക്കി. യുവതിയോട് കുഞ്ഞിന്റെ അച്ഛനായി ആരെ ചൂണ്ടിക്കാണിക്കുമെന്ന രാഹുൽ ചോദിക്കുന്നതായാണ് ഓഡിയോ സന്ദേശത്തിൽ കേൾക്കാൻ സാധിക്കുന്നത്. തന്നെ ചൂണ്ടിക്കാണിക്കുമെന്ന് യുവതി മറുപടി പറയുന്നു. അതില്‍ കുപിതനായ രാഹുല്‍, തനിക്ക് അത് ബുദ്ധിമുട്ടാകുമെന്ന് യുവതിയോട് ഭീഷണിയുടെ സ്വരത്തില്‍ പറയുന്നതും പുറത്തുവന്ന ശബ്ദരേഖയില്‍ കേള്‍ക്കാം. മാധ്യമങ്ങളിലൂടെ ഈ ശബ്ദരേഖയും പുറത്തുവന്നതും ഇതോടൊപ്പം കൂടുതൽ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും പ്രചരിക്കാൻ തുടങ്ങിയതോടെ  രാഹുലിന് മേൽ കൂടുതൽ സമ്മർദ്ദം നൽകുന്നതായിരുന്നു. 

കോൺഗ്രസ് നേതാക്കൾ കൈവിട്ടു

പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കളുടെ പ്രതികരണങ്ങളും നിലപാടുകളും രാഹുലിനെ കൈവിടുന്നതായിരുന്നു. പരാതി ഗൗരവമായി പരിശോധിച്ചു നടപടി എടുക്കുമെന്നും അതിന് താൻ തന്നെ മുൻകൈ എടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. രാഹുലിനെതിരെ നടപടി വേണമെന്ന നിർദേശമാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേതൃത്വത്തോട് മുന്നോട്ടു വെച്ചത്. വെളിപ്പെടുത്തലുകൾക്ക് മുൻപ് തന്നെ എഐസിസി തലത്തിലടക്കം രാഹുലിനെതിരായ പരാതികൾ ലഭിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. 

യൂത്ത് കോൺഗ്രസിലും രാഹുലിനെതിരെ ബുധനാഴ്ച രാത്രി മുതൽ ശക്തമായ പ്രതിഷേധം ഉയരാൻ തുടങ്ങി. യൂത്ത് കോൺഗ്രസിന്റെ വാട്സ്അപ്പ് ഗ്രൂപ്പിലാണ് ആരോപണങ്ങളിൽ രാഹുൽ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയത്. പെണ്ണുപിടിയന്‍ എന്ന ആരോപണം നിരന്തരം ഉണ്ടാകുന്നു. ആരോപണം വെറുതേ ചിരിച്ചു തള്ളാനാകില്ല. രാഹുല്‍ മറുപടി പറയണമെന്നും തെറ്റുകാരനെങ്കില്‍ മാറി നില്‍ക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി സ്നേഹ ആവശ്യം ഉന്നയിച്ചു. രാഹുലിന്റെ രാജി ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ പക്ഷവും രംഗത്തെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു പോയി. 

അനേകം പേരുടെ ചോരയും നീരും നൽകി പടുത്തുയർത്തിയ പ്രസ്ഥാനത്തിന് ‌ അവമതിപ്പുണ്ടാക്കുന്ന ഏതു വലിയ മാവായാലും മുറിച്ചു മാറ്റപ്പെടേണ്ടി വരുമെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ഷഹനാസിന്റെ പരസ്യ പ്രതികരണം. ഇത് യൂത്ത് കോൺഗ്രസിലെ അതൃപ്തി കൂടുതൽ വെളിപ്പെടുത്തുന്നതായിരുന്നു. 

ഒടുവിൽ രാജി 

ഉച്ചയോടെയാണ് രാഹുൽ മാധ്യമങ്ങളെ കാണുന്നത്. ഈ നിമിഷം വരെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ടില്ലെന്നും പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വപ്പെട്ടവരാരും തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞാണ് രാഹുൽ തന്റെ വാർത്ത സമ്മേളനം തുടങ്ങിയത്. എന്നാൽ അവസാനം സ്ഥാനം ഒഴിയുന്നതായി രാഹുൽ അറിയിച്ചു. വിഷയത്തില്‍ ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്നാണ് രാഹുലിന്റെ പക്ഷം. പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരായി നിലപാടെടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളില്‍ ന്യായീകരിക്കേണ്ടി വരുന്ന പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് രാജിവെക്കുകയാണ്. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവെക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

സര്‍ക്കാര്‍ക്കാറും സിപിഎമ്മും പ്രതിരോധത്തിലായ ഘട്ടത്തിലാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും തനിക്കെതിരെ ഔദ്യോഗികമായി പരാതി ഉയര്‍ന്നിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. എന്നാൽ, ഉയർന്നുവന്ന ആരോപണങ്ങളിലൊന്നും വ്യക്തമായ മറുപടി നൽകാൻ രാഹുലിന് സാധിച്ചട്ടില്ല. ബലൂൺ പോലെ ഊതിവീർപ്പിച്ച രാഷ്ട്രീയ മേൽവിലാസം നഷ്ടമാകുമോയെന്ന ആശങ്ക രാഹുലിനുമുണ്ട്. നിലവിലത്തെ സാഹചര്യത്തിൽ എംഎൽഎ സ്ഥാനത്ത് തുടരാമെങ്കിലും ഇനിയൊരു അവസരം കിട്ടാനുള്ള സാധ്യതകളെല്ലാം അസ്തമിക്കുകയാണ് രാഹുലിന്റെ കാര്യത്തിൽ. വിഷയം സിപിഎമ്മും ബിജെപിയും രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യുന്നതോടെ കോൺഗ്രസും പ്രതിസന്ധിയിലാകും. 

Related Posts