തിരുവനന്തപുരം: ലൈംഗിക ആരോപണ പരാതികളിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കുട്ടത്തിലിനെതിരെ നടപടിക്കൊരുങ്ങി കോൺഗ്രസ് നേതൃത്വം. രാഹുലിനെതിരായി ഉയർന്നുവരുന്ന ആരോപണങ്ങളിൽ വലിയ അതൃപ്തിയാണ് നേതൃത്വത്തിനുള്ളത്. പരാതികളിൽ എഐസിസി തന്നെ കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. നേതൃത്വത്തിന് ലഭിച്ച പരാതികൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി കെപിസിസിയ്ക്ക് കൈമാറുകയും ചെയ്തു. ഈ ഘട്ടത്തിൽ രാഹുലിൽ നിന്നും രാജി എഴുതി വാങ്ങിക്കാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
വെളിപ്പെടുത്തലുകൾക്ക് മുൻപ് തന്നെ എഐസിസി തലത്തിലടക്കം രാഹുലിനെതിരായ പരാതികൾ ലഭിച്ചിരുന്നതായാണ് വിവരം. ഈ പരാതികളുടെ കൂടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ നടപടിക്ക് കോൺഗ്രസ് നേതൃത്വം ഒരുങ്ങുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെങ്കിലും പാലക്കാട് എംഎൽഎ ആയി രാഹുൽ തുടരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള നേതാക്കൾക്കും നിലവിലെ സാഹചര്യത്തോടെ കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ, തെരഞ്ഞെടുപ്പുകൂടി അടുത്തിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ശക്തമായ നടപടികളിലേക്ക് കോൺഗ്രസ് പോയേക്കും.
അതേസമയം, രാഹുൽ മാങ്കുട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. യൂത്ത് കോൺഗ്രസിന്റെ വാട്സ്അപ്പ് ഗ്രൂപ്പിലാണ് ആരോപണങ്ങളിൽ രാഹുൽ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. പുതുമുഖ നടിയുടെയും പ്രവാസി എഴുത്തുകാരിയുടെയും വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുലിനെതിരെ യൂത്ത് കോൺഗ്രസിൽ നിന്ന് തന്നെ ശക്തമായ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാഹുലിന്റെ രാജി ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ പക്ഷവും രംഗത്തെത്തിയിട്ടുണ്ട്.
രാഹുല്‍ മറുപടി പറയണമെന്നും തെറ്റുകാരനെങ്കില്‍ മാറി നില്‍ക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി സ്നേഹ ആവശ്യം ഉന്നയിച്ചതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങൾ കോൾക്കുന്നതെന്നും മാധ്യമങ്ങളിൽ വെണ്ടക്ക അക്ഷരത്തിൽ വാർത്ത വന്നിട്ടും മൗനം പാലിക്കുന്നത് ശരിയല്ലെന്നും സ്നേഹ വ്യക്തമാക്കി. ഇത്തരം ആരോപണങ്ങൾ വന്നാൽ മാറി നിൽക്കുന്നതാണ് രീതി. സത്യം സമൂഹത്തെ അറിയിക്കാൻ സംഘടനയ്ക്ക് ബാധ്യതയുണ്ടെന്നും സ്നേഹ പറയുന്നു.