Kerala News

വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും

എറണാകുളം: ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ചിലാണ് കേസിന്‍റെ വാദം. ഇന്നലെ വാദം തുടങ്ങിയിരുന്നെങ്കിലും കോടതിയുടെ തിരക്ക് കണക്കിലെടുത്ത് വാദം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷക കോടതിയില്‍ വാദിച്ചെങ്കിലും എങ്ങിനെ സ്ഥിരം കുറ്റവാളിയെന്ന് പറയാനാകുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. വാദം കേള്‍ക്കുന്നതു വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഇന്നലെ പൊലീസിനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. വേടന് പൊലീസ് സംരക്ഷണം നൽകിയിട്ടില്ല.രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തത്.ബലാത്സംഗ കേസിന്‍റെ അന്വേഷണം ശരിയായ ദിശയിൽ പുരോഗമി്ക്കുന്നു. വേടനെതിരെ പുതിയ പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് രണ്ട് വർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് യുവ വനിതാ ഡോക്ടർ നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. അഞ്ച് തവണ യുവതി പീഡനത്തിനിരയായെന്നും കോഴിക്കോടും കൊച്ചയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചുവെന്നുമാണ് യുവ ഡോക്ടറുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം വേടൻ പീഡിപ്പിച്ചെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് വിശദമായി അറിയുന്ന സുഹൃത്തുക്കളുടെ പേരുകളും മൊഴിയിൽ നൽകിയിട്ടുണ്ട്.

നിലവിലെ പരാതി കൂടാതെ രണ്ട് പരാതികൾക്കൂടി റാപ്പർ വേടനെതിരെ വന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഇ മെയിൽ വഴിയാണ് രണ്ട് പെൺകുട്ടികൾ പരാതി ഉന്നയിച്ചത്. 2020- 21 കാലഘട്ടത്തിലാണ് രണ്ട് പേരും പീഡനത്തിനിരയായത് എന്നാണ് പരാതിയിൽ പറയുന്നത്.

ദലിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ ഫോണിൽ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യത്തെ പരാതി. എതിർത്തപ്പോൾ ക്രൂരമായി ഉപദ്രവിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ സംഗീത പരിപാടിയിൽ ആകൃഷ്ടനായ വേടൻ ക്രൂരമായ ലൈഗിംക അതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതി. സംഗീത പരിപാടികൾ അവതരിപ്പിക്കുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.

Related Posts