കൊച്ചി: അതിവേഗം വളരുന്ന ആരോഗ്യ പാനീയ മേഖല(ഹെല്‍ത്തി ഫംഗ്ഷണല്‍ ബെവറേജസ്)യിലേക്ക് പുതിയ ചുവടു വെയ്പ്പുമായെത്തുകയാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) എഫ്എംസിജി വിഭാഗമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ് ലിമിറ്റഡ് (ആര്‍സിപിഎല്‍), നേച്ചറഡ്ജ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള സംയുക്ത സംരംഭത്തിലൂടെയാണ് ഹെല്‍ത്തി ഡ്രിങ്ക്സ് വിപണിയിലേക്ക് കടക്കുന്നത്. നേച്ചറഡ്ജിന്റെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുത്തുകൊണ്ടാണ് റിലയന്‍സിന്റെ രംഗപ്രവേശം. സംയുക്ത സംരംഭത്തിലൂടെ, ഉപഭോക്താക്കള്‍ക്ക് വിവിധതരം ഹെര്‍ബല്‍-പ്രകൃതി പാനീയങ്ങള്‍ ലഭ്യമാക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഒരു സമഗ്ര ബിവറേജസ് കമ്പനിയെന്ന തലത്തില്‍ സാന്നിധ്യം അരക്കിട്ടുറപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഇന്ത്യയിലെ ആയുര്‍വേദ ഉല്‍പ്പന്ന നിര്‍മ്മാണ സംരംഭങ്ങളിലൊന്നായ ബൈദ്യനാഥ് ഗ്രൂപ്പില്‍ നിന്നുള്ള സിദ്ധേഷ് ശര്‍മ്മ 2018-ല്‍ സ്ഥാപിച്ച കമ്പനിയാണ് നേച്ചറഡ്ജ് ബിവറേജസ്. ഇന്ത്യന്‍ ആയുര്‍വേദത്തിന്റെയും ആധുനിക പാനീയങ്ങളുടെയും ഗുണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. കമ്പനിയുടെ ഉല്‍പ്പന്നമായ ശുന്യ, സീറോ-ഷുഗര്‍, സീറോ കലോറി ഡ്രിങ്കെന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. അശ്വഗന്ധ, ബ്രഹ്മി, ഖുസ്, കൊകം, ഗ്രീന്‍ ടീ തുടങ്ങിയ ഇന്ത്യന്‍ സൂപ്പര്‍ ഹെര്‍ബുകള്‍ അടങ്ങിയ പാനീയമാണ് ശൂന്യ. ആയുര്‍വേദത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ആരോഗ്യ കേന്ദ്രീകൃത ഫംഗ്ഷണല്‍ പാനീയങ്ങള്‍ ചേര്‍ത്തുകൊണ്ട് ഞങ്ങളുടെ ബിവറേജസ് പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തുന്ന ഈ സംയുക്ത സംരംഭം പ്രഖ്യാപിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നു റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കേതന് മോദി പറഞ്ഞു.
ഉന്മേഷദായകവും രസകരവുമായ ഹെര്‍ബല്‍-നാച്ചുറല്‍ ഫംഗ്ഷണല്‍ പാനീയങ്ങളോടുള്ള ഉപഭോക്താക്കളുടെ താല്‍പ്പര്യം മനസിലാക്കി, ദേശീയ ബ്രാന്‍ഡായി ശൂന്യയെ മാറ്റുന്നതിന് ആര്സിപിഎല്ലുമായുള്ള പങ്കാളിത്തം സഹായിക്കും. ആര്‍സിപിഎല്ലിന്റെ വിശാലമായ വിതരണ ശൃംഖലയിലൂടെ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ശൂന്യ ലഭ്യമാക്കും, നേച്ചറഡ്ജ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ സിദ്ധേഷ് ശര്‍മ്മ പറഞ്ഞു. കാമ്പ, കാമ്പ എനര്‍ജി, റാസ്കിക് തുടങ്ങിയ പ്രധാന ബിവറേജസ് ബ്രാന്‍ഡുകളുടെ ഏറ്റെടുക്കലുകളിലൂടെ ഈ രംഗത്ത് സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ്. ഇതിനോടൊപ്പം ശുന്യയുടെ ഏറ്റെടുക്കല്‍ കൂടി ആകുന്നതോടെ സമ്പൂര്‍ണ ബിവറേജസ് കമ്പനിയെന്ന തലത്തില്‍ സാന്നിധ്യം ശക്തമാക്കാനുള്ള പദ്ധതികളിലാണ് ആര്‍സിപിഎല്‍.