കൊച്ചി: സിനിമാ മേഖലയിലെ ചൂഷണങ്ങളും തൊഴിൽ പരമായ വിവേചനങ്ങളും തടയാൻ സിനിമ നയത്തിന് സർക്കാർ രൂപമിടുന്നു. ഇത് സംബന്ധിച്ച കരട് നയം മുന്ന് മസത്തിനകം തയ്യാറാക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം വിവരിച്ച് വനിതാ സംഘടനയായ വുമൺ ഇൻ സിനിമ കളക്ടീവ് രംഗത്തെത്തുകയും മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബൃഹത്തായ സിനിമ നയം രൂപീകരിക്കാനൊരുങ്ങുന്നത്.
കരട് രേഖയുടെ നയരൂപീകരണത്തിന് ശേഷം നിയമനിർമ്മാണം നടത്താനാണ് സർക്കാർ ഒരുങ്ങുന്നത്. സിനിമ കോൺക്ലേവിൽ ഉയർന്ന സംവാദങ്ങളിലും ആശയപരമായ ചർച്ചയിലൂടെയുമാണ് തീരുമാനത്തിലേക്ക് എത്തുന്നത്. സിനിമാ മേഖലയിലെ വിദഗ്ദദ്ധരിൽ നിന്ന് നയരൂപീകരണത്തിന് നിർദേശങ്ങൾ സ്വീകരിക്കും. സിനിമ കോൺക്ലേവിലെ നിർദേശങ്ങൾ കേരള ചലച്ചിത്ര അക്കാദമി വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഹേമാ കമ്മിറ്റി റിപ്പോർട്ടും അതിലെ ആവശ്യങ്ങളും മുന്നോട്ട് വന്ന ഘട്ടത്തിലാണ് വിപുലീകരിച്ച സിനിമ നയവുമായി മുന്നോട്ട് പോകാൻ സർക്കാരിന് സമ്മർദ്ദമെത്തിയത്.
സിനിമ സെറ്റുകളിൽ നേരിടുന്ന അതിക്രമണങ്ങൾ, ലൈംഗികമായ ചൂഷണങ്ങൾ, സഹതാരങ്ങളിൽ നിന്നും അനുഭവിക്കുന്ന അശ്ലീല സംഭാഷണങ്ങൾ, തുറിച്ചുനോട്ടങ്ങൾ എല്ലാം തന്നെ ഹേമ കമ്മീഷന് മുന്നിൽ വെളിപ്പെടുത്തി നടിമാർ രംഗത്തെത്തിയിരുന്നു. ചില നടന്മാർക്കെതിരെ നടത്തിയ മിടു ആരോപണങ്ങളും ഇതിന്റെ ഭാഗമായിരുന്നു. ഈ അവസരത്തിലാണ് സിനിമയിൽ കാതലായ പരിഷ്കാരം നടത്തി ,സിനിമ നയത്തിന് രൂപം കൊടുക്കുന്നത്. മറ്റ് ഏതൊരു തൊഴിൽ പോലെയും തൊഴിൽ നിയമം പോലെയും സിനിമ മേഖലയിലെ പ്രശ്നങ്ങളും സിനിമ നയത്തിന്റേയും തൊഴിൽ നിയമത്തിന്റേയും പരിധിയിലേക്ക് എത്തിക്കണെന്നതാണ് സിനിമ സംഘടനയിലെ അംഗങ്ങളുടെ അഭിപ്രായം.
സിനിമ മാത്രമല്ല ഏത് മേഖലിയിൽ നിന്നുള്ളവർക്കും അഭിപ്രായം സമർപ്പിക്കാം എന്ന തരത്തിലാണ് സർക്കാർ നീക്കവും. വിഷയം നിയമസഭയുടെ പരിഗണനക്ക് വിടുമെന്നും സർക്കാർ അറിയിച്ചു. സ്ത്രീകൾക്കിടയിലെ വിവേചനങ്ങൾ കൂടി പരിഹരിക്കുന്ന വിധമാകണം നിയമ നിർമാണമെന്ന് ബുധനാഴ്ച കേസ് പരിഗണിക്കവേ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ വാദിച്ചത്.
















