Kerala News

ഏവിയേഷൻ സമ്മിറ്റിനൊരുങ്ങി കൊച്ചി; വ്യോമയാന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യം

കൊച്ചി: വ്യോമയാന മേഖലയിലെ സാധ്യതകളെയും നിക്ഷേപ അവസരങ്ങളെയും കേരളത്തിൽ കൂടുതൽ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, ഫിക്കിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന പ്രഥമ കേരള ഏവിയേഷൻ സമ്മിറ്റ് കൊച്ചിയിൽ നടക്കും. അതിവേഗം വളരുന്ന വ്യോമയാന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഓഗസ്റ്റ്  23, 24 തീയതികളിൽ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്  ഹോട്ടലിലാണ് ദ്വിദിന ഏവിയേഷൻ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സമ്മിറ്റിൽ ഈ രംഗത്തെ പ്രമുഖർ സംസാരിക്കും. 

അതിവേഗം കുതിക്കുന്ന ഏവിയേഷൻ മേഖലയുടെ പ്രധാന ഹബ്ബായി കേരളം മാറുന്ന പശ്ചാത്തലത്തിൽ സംസ്‌ഥാന സർക്കാർ കരട് ഏവിയേഷൻ നയം തയ്യാറാക്കിയിരുന്നു. ഏവിയേഷൻ മേഖലയിലെ തന്ത്രപ്രാധാന മാറ്റങ്ങൾ, നയരൂപീകരണം, അടിസ്‌ഥാന സൗകര്യ വികസനം തുടങ്ങിയവ സമ്മേളനം ചർച്ച ചെയ്യും. സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസാണ് ആമുഖ പ്രസംഗം നടത്തുന്നത്.  രാവിലെ പത്ത് മണിക്ക് എയർ സ്‌പേസിലേക്ക് ഡ്രോണുകളും ഡ്രൈവർ രഹിത വാഹനങ്ങളും ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ള പാനൽ ചർച്ചയും നടക്കും. 

അർബൻ എയർ ടാക്‌സി സാധ്യതകൾ, ഡ്രോൺ ഉപയോഗം സംബന്ധിച്ച നയരൂപീകരണം, സുരക്ഷാ മാർഗനിർദേശങ്ങൾ എന്നിവയും സമ്മിറ്റിൽ ചർച്ചയാകും. പ്രാദേശിക കണക്റ്റിവിറ്റി സംബന്ധിച്ചും ലാസ്റ്റ് മൈൽ എയർ കണക്റ്റിവിറ്റിയുമടക്കമുള്ള വിഷയങ്ങളും മൾട്ടിമോഡൽ ടെർമിനൽ, ഫ്‌ളോട്ടിങ് ജെട്ടി, വെർട്ടിപോർട്ട്സ്, ഹെലിപോർട്ട്സ് വാട്ടർ എയ്‌റോഡ്രോം എന്നിവയുടെ സാദ്ധ്യതകളും ചർച്ച ചെയ്യും. തീർഥാടന കേന്ദ്രങ്ങളെയും ടൂറിസം കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഹെലികോപ്പ്റ്റർ, സീപ്ലെയ്ൻ സാധ്യതകളുമാണ് മറ്റ് പ്രധാന വിഷയങ്ങൾ. 

വ്യോമയാന മേഖലയിലെ സമഗ്രമായ വിഷയങ്ങളിൽ ബയോമെട്രിക്, പേപ്പർലെസ് ചെക്ക് ഇൻ, ഡിജിറ്റൽ വാലറ്റ്, നിർമിതബുദ്ധി അധിഷ്ഠിതമായ പാസഞ്ചർ സേവനങ്ങൾ എന്നിവയും ഉൾപ്പെടുന്നു.  പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് എയർ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിന് കുറിച്ചും പ്രാദേശിക വിമാനത്താവളങ്ങളുടെ സാധ്യതയുമടക്കമുള്ള വിഷയങ്ങളിലെ ചർച്ച സംസ്ഥാനത്തെ വ്യോമയാന രംഗത്ത് വലിയ കുതിപ്പിന്റെ തുടക്കമാകുമെന്ന് വിലയിരുത്തപ്പെടുന്നു. 

Related Posts