Homepage Featured Kerala News

വേടന് തിങ്കളാഴ്ച്ച വരെ ആശ്വാസം; പരാതിക്കാരിയോട് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ ഹൈക്കോടതി

കൊച്ചി. ബലാൽസംഗം കേസിൽ റാപ്പർ വേടന് തിങ്കളാഴ്ച വരെ ആശ്വാസം. കൂടുതൽ പെൺകുട്ടികൾ വേടനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും തനിക്കും വേറെയും തെളിവുകൾ ഹാജരാക്കാൻ ഉണ്ടെന്നും ഇര ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വരെ പരാതിക്കാരിയായ പെൺകുട്ടിക്ക് കോടതി അവസരം നൽകി. അന്നുവരെയും ഇപ്പോൾ അനുവദിച്ചിട്ടുള്ള ആനുകൂല്യം വേടന് നിലനിൽക്കും എന്നും കോടതി വ്യക്തമാക്കി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ റാപ്പർ റാപ്പർ വേടന്റെ മുൻകൂർ ജാമ്യ അപേക്ഷയിലാണ്
ഹൈക്കോടതി നടപടി.

വിവാഹ കഴിക്കുമെന്ന് വാഗ്ദാനം നൽകിയതിന് നിരവധി തെളിവുകൾ ഉണ്ടെന്നു പരാതിക്കാരി കോടതിയിൽ പറഞ്ഞു. എന്നാൽ വിവാഹ വാഗ്ദാനം നല്‍കിയെന്നതുകൊണ്ട് മാത്രം കുറ്റകൃത്യം നിലനില്‍ക്കണമെന്നില്ലെന്ന് കോടതി പറഞ്ഞു. രണ്ട് പെൺ കുട്ടികൾ വേറെ പരാതി നൽകിയിട്ടുണ്ടെന്നും അത് പ്രോസിക്യൂഷൻ മറച്ച് വെയ്ക്കു കയാണെന്നും ഇര കോടതിയെ ബോധിപ്പിച്ചു.


മറ്റ് പെൺകുട്ടികളെയും വിവാഹ വാഗ്ദാനം നൽകിയാണോ പീഡിപ്പിച്ചതെന്ന് പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വേടനെതിരെ നിരവധി മീടു ആരോപണങ്ങള്‍ ഉണ്ടായെന്നും ആ സമയത്ത് സമൂഹ മാധ്യമത്തില്‍ വേടന്‍ ക്ഷമാപണം നടത്തിയെന്നും പരാതിക്കാരി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. സാമൂഹ്യ മാധ്യമത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരിയുടെ വാദമെന്ന് ഹൈക്കോടതി പറഞ്ഞു. മാധ്യമ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് തീരുമാനമെടുക്കാനാവില്ലെന്നും തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.

തനിക്ക് ഡിപ്രക്ഷന് ആണെന്നും ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ഒറ്റപ്പെടുത്തുന്നതായും ഇര വേടന് അയച്ച വാട്ട്സ് അപ്പ് മെസേജ് വേടന്റെ അഭിഭാഷകൻ ഹാജരാക്കി. 2021 ൽ ഇര അയച്ച സന്ദേശമാണ് ഇത്. ഇപ്പോഴത്തെ പരാതി ഉയരുന്നതിന് മുൻപുള്ളതാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ അറിയിക്കണമെന്ന് സർക്കാരിനോട് കഴിഞ്ഞദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്ക് രണ്ട് പെൺകുട്ടികൾ നൽകിയ പരാതികളുടെ വിശദാംശങ്ങൾ കോടതിക്ക് സമർപ്പിച്ചതായാണ് സൂചന. ബലാൽസംഗ കേസിൽ ഇരയായ പെൺകുട്ടിയും ഈ പരാതികളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് കേസ് പരിഗണിക്കവേ കഴിഞ്ഞദിവസം ഹൈക്കോടതി ചോദിച്ചിരുന്നു. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ വേടനെതിരായ പരാതികളുടെ കൂടുതൽ വിശദാംശങ്ങൾ കോടതിക്ക് സമർപ്പിക്കാനാണ് പരാതിക്കാരിയുടെ നീക്കം.

Related Posts