Gulf News

ജീവനക്കാർ ലഹരി ഉപയോഗിച്ചാൽ പിടി വീഴും; പരിശോധന കർശനമാക്കി കുവൈത്ത് ഡിജിസിഎ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജീവനക്കാർക്ക് ലഹരി പരിശോധന നിർബന്ധമാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റേതാണ് തീരുമാനം. ഡിജിസിഎ നൽകിയ ലൈസൻസുകൾ കൈവശമുള്ള എല്ലാ ജീവനക്കാർക്കും ഈ പരിശോധന ബാധകമാണ്. ഇതില്‍ മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ, മദ്യം എന്നിവയുടെ ഉപയോഗം കണ്ടെത്താനുള്ള പരിശോധനകളും ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്.

പരിശോധനയ്ക്ക് വിസമ്മതിക്കുന്ന ജീവനക്കാരുടെ വിസമ്മതം ലഹരി പരിശോധനയുടെ പോസിറ്റീവ് ഫലമായി കണക്കാക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ചില കമ്പനികൾക്ക് ഡിജിസിഎ സമഗ്രമായ വൈദ്യപരിശോധന നടത്താനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസം തന്നെ അംഗീകൃത മെഡിക്കൽ അതോറിറ്റി മുഖേന പരിശോധനകൾ നടത്തണമെന്നും ഡിജിസിഎ നിർദ്ദേശിച്ചു.

സെപ്തംബർ നാലിനോ അതിനുമുമ്പോ ഈ ആവശ്യകതകൾ പാലിച്ചതിന്‍റെ തെളിവുകൾ അതായത് പരിശോധനാ ഫലങ്ങളുടെ പകർപ്പുകളോ അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റുകളോ നൽകണമെന്ന് ഡിജിസിഎ വ്യക്തമാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ ഒരു കമ്പനി ഡിജിസിഎ നൽകിയ സാങ്കേതിക ലൈസൻസുകൾ കൈവശമുള്ള ജീവനക്കാരോട് തിങ്കളാഴ്ച മുതൽ പരിശോധനയ്ക്ക് വിധേയരാകാൻ ആവശ്യപ്പെട്ടു. പരിശോധനാ ഫലങ്ങളുടെ പകർപ്പുകളോ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ റിപ്പോർട്ടുകളുടെ പകർപ്പുകളോ ഉൾപ്പെടെ സെപ്റ്റംബർ 4 നകം നൽകണമെന്ന് കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Posts