തിരുവനന്തപുരം: ജനപ്രതിനിധിയായ യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി റിനി ആൻ ജോർജ്. അശ്ലീല സന്ദേശമയച്ചുവെന്നും മോശമാണെന്ന് താക്കീത് ചെയ്ത ശേഷവും ഇത് തുടർന്നുവെന്നുമാണ് വെളിപ്പെടുത്തൽ. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട നേതാവ് തുടക്കം മുതൽ മോശം മെസേജുകൾ അയക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു. അതേസമയം, യുവനേതാവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. അയാൾ ഉൾപ്പെട്ടിരിക്കുന്ന പ്രസ്ഥാനത്തിൽ പലരുമായി തനിക്ക് സൗഹൃദം ഉണ്ടെന്നും അതിനാൽ ആരെയും വേദനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
“മൂന്നര വർഷം മുൻപാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാൾ ജനപ്രതിനിധിയായത്. രാഷ്ട്രീയ നേതാവാകാൻ പോലും ആ വ്യക്തിക്ക് യോഗ്യതയില്ല. അങ്ങനെ യോഗ്യത ഉണ്ടായിരുന്നെങ്കിൽ സ്ത്രീകളോട് ഇങ്ങനെ പെരുമാറില്ല. ഇനിയെങ്കിലും പ്രസ്ഥാനം ധാർമികത കാണിക്കണം. ഈ പോക്ക് ശരിയല്ലെന്ന് നേതാവ് ഉൾപ്പെട്ട പ്രസ്ഥാനത്തോട് പറഞ്ഞിരുന്നു. പ്രസ്ഥാനത്തിലെ നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്. വിശ്വസിക്കാൻ കഴിയുന്ന ഉറവിടത്തിൽ നിന്നാണ് ഇത് പറയുന്നത്.” നടി പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്കു പോലും നേതാക്കളോട് ഇദ്ദേഹത്തെപ്പറ്റി പറഞ്ഞിരുന്നു. ഈ വ്യക്തി നല്ല രീതിയിൽ ആയി തീരണം. വേറെ ഒരു സെറ്റിൽമെന്റിനും ഇല്ല. അയാൾ നവീകരിക്കപ്പെടണം. അതിന് ആ പ്രസ്ഥാനം തന്നെ ശ്രമിക്കണമെന്നും റിനി ആൻ ജോർജ് ആവശ്യപ്പെട്ടു. ഇക്കാര്യം പറഞ്ഞ നേതാക്കളിൽനിന്നു തനിക്ക് നീതി ലഭിച്ചില്ല. തനിക്ക് നീതി ലഭിക്കാത്തത് പ്രതിപക്ഷ നേതാവിൽ നിന്നാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് അങ്ങനെ പെരുമാറിയിട്ടില്ല. പ്രതിപക്ഷ നേതാവ് മാനസ പിതാവാണെന്നും നടി.
ചാനൽ ചർച്ചകളിലും സമരമുഖങ്ങളിലും സജീവമായി നിൽക്കുന്നയാളാണ് ഈ യുവനേതാവെന്നാണ് നടി പറയുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂം എടുക്കാമെന്നും വരണമെന്നും ആവശ്യപ്പെട്ടപ്പോൾ ദേഷ്യപ്പെട്ടിരുന്നുവെന്നും റിനി പറയുന്നു. ആദ്യം മോശമായി പെരുമാറരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് ശേഷം കുറച്ച് നാൾ പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ വീണ്ടും മോശമായി പെരുമാറാൻ തുടങ്ങി. അതുകൊണ്ടാണ് ഇപ്പോൾ വെളിപ്പെടുത്തേണ്ടി വന്നത്. ഇനിയും ബുദ്ധിമുട്ടിച്ചാൽ പേര് വെളിപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തരം മോശം അനുഭവം നേരിട്ട നിരവധി സ്ത്രീകളുണ്ടെന്ന് മനസിലായതായി സുഹൃത്തുക്കളിൽ നിന്ന് മനസിലായി. തന്റെ വ്യക്തിപരമായ പ്രശ്‌നമെന്ന നിലയിലല്ല ഇത് തുറന്ന് പറയുന്നത്. സമീപകാലങ്ങൾ ഈ വ്യക്തിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന കാര്യങ്ങളും അത് വ്യക്തമാക്കുന്നു.ഇങ്ങനെയൊരു നേതൃത്വത്തിൽ ഇരിക്കുന്ന വ്യക്തി ഒരുപാട് പേർക്ക് ശല്യമായി മാറുന്നു. ഈ വ്യക്തിയെ പല സ്ഥാനങ്ങളിലും എത്തിക്കുന്നു. വലിയ ഒരു സംരക്ഷണ സംവിധാനം ഈ വ്യക്തിക്കുണ്ടെന്ന് റിനി പറയുന്നു. ആ വ്യക്തിക്ക് ഹു കെയേഴ്‌സ് എന്ന ആറ്റിട്യൂഡാണെന്ന് റിനി പറഞ്ഞു.