തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് അധ്യാപകരുടെ പരസ്യ പ്രതികരണങ്ങൾക്കു വിരാമം കുറിച്ച് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ കടുത്ത മുന്നറിയിപ്പ് നൽകി. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് നിർദേശം നൽകിയത്. ഇനി പൊതുവേദികളിലോ മാധ്യമങ്ങളിലോ പ്രതികരിക്കുന്ന വകുപ്പ് മേധാവികൾക്കെതിരെ നേരിട്ട് നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
2017ന് ശേഷം മരണാനന്തര അവയവ മാറ്റത്തിൽ യാതൊരു പുരോഗതിയും ഉണ്ടാകാത്തതിനെതിരെ, മുൻ ട്രാൻസ്‌പ്ലാന്റ് വിഭാഗ മേധാവി ഡോ. മോഹൻദാസ് സോഷ്യൽ മീഡിയയിൽ സർക്കാരിന് എതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മരിച്ച രണ്ട് മുൻ വകുപ്പ് മേധാവികളുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയ പോസ്റ്റ് വലിയ രീതിയിൽ ശ്രദ്ധേയമായി. എന്നാൽ പിന്നീട് അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും തുടർന്ന് പ്രിൻസിപ്പലിൽ നിന്ന് മെമ്മോ ലഭിക്കുകയും ചെയ്തിരുന്നു.
അതേസമയം ഡോ. ഹാരിസ് ചിറക്കൽ പല തവണ മേലധികാരികളെ സമീപിച്ചിട്ടും ആവശ്യമായ നടപടികൾ ഉണ്ടാകാത്തതിനാലാണ് താൻ പരസ്യമായി പ്രതികരിച്ചതെന്ന് വ്യക്തമാക്കി. ആശുപത്രിയുടെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും പ്രവർത്തനങ്ങൾക്കുറിച്ചുള്ള തുറന്ന വിമർശനങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. “പരാതികൾ ഉണ്ടായാൽ അത് മേലധികാരികളെ അറിയിക്കണം; പൊതുവേദികളിൽ പരസ്യ പ്രതികരണങ്ങൾ അനുവദിക്കില്ല. ലംഘനം സംഭവിച്ചാൽ കടുത്ത നടപടികൾ സ്വീകരിക്കും” ഡോ. പി.കെ. ജബ്ബാർ പറഞ്ഞു.
2017ന് ശേഷം മെഡിക്കൽ കോളേജിലെ മരണാനന്തര അവയവ മാറ്റത്തിൽ കാര്യമായ പുരോഗതി ഇല്ലന്നും ചില ഡോക്ടർമാർ വകുപ്പ് പ്രവർത്തനങ്ങളിലെ അനാസ്ഥ, സർക്കാർ തലത്തിലുള്ള വൈകിപ്പിക്കൽ എന്നിവ ചൂണ്ടിക്കാണിച്ചിരുന്നു. രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ലഭിക്കേണ്ട സേവനങ്ങൾ തടസ്സപ്പെടുന്നതായി വിമർശനമുണ്ടായിരുന്നു.
എന്നാൽ കോളേജ് മാനേജ്മെന്റ് ഇതിനെ പൊതുവേദികളിൽ വിമർശിക്കുന്നത് സ്ഥാപനത്തിന്റെ പ്രശസ്തിയെയും വിശ്വാസ്യതയെയും ബാധിക്കും എന്ന് വ്യക്തമാക്കി.