കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കക്ഷി ചേരാൻ പരാതിക്കാരിയായ യുവതി നൽകിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. വേടനെതിരെ കൂടുതൽ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് പരാതിക്കാരി കോടതിയിൽ അറിയിച്ചു. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. ഇതിന്‍റെ വിശദാംശങ്ങൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഓരോ കേസിനേയും അതിന്‍റെ സാഹചര്യം അനുസരിച്ച് വ്യത്യസ്ഥമായി മാത്രമേ കാണാൻ കഴിയൂ എന്ന് സിംഗിൾ ബെഞ്ച് പരാമർശിച്ചിരുന്നു.
ദളിത് സംഗീതത്തിൽ ഗവേഷണം നടത്താൻ ഫോണിൽ ബന്ധപ്പെട്ട യുവതിയെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും എതിർക്കാൻ ശ്രമിച്ചപ്പോൾ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു എന്നാണ് ഒരു പരാതി. രണ്ടാമത്തെ പരാതിയുമായി രംഗത്തെത്തിയത് സംഗീത പരിപാടികൾ അവതരിപ്പിക്കുന്ന യുവതിയാണ്. തന്റെ സംഗീത പരിപാടികളിൽ ആകൃഷ്ടനായി വേടൻ ബന്ധം സ്ഥാപിക്കുകയും ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്ന് പരാതിയിൽ പറയുന്നു. 2020-21 കാലഘട്ടത്തിലാണ് പരാതികൾക്ക് ആസ്പതമായ സംഭവങ്ങൾ നടക്കുന്നതെന്ന് പരാതികളിൽ വ്യക്തമാക്കുന്നു. ഇരുവരും നേരത്തെ വേടനെതിരെ മീ ടൂ വെളിപ്പടുത്തലും നടത്തിയിരുന്നു.
















