Homepage Featured India News

ട്രെയിനുകളിൽ ബാ​ഗേജ് യാത്രകൾക്ക് നിയന്ത്രണം; ഭാരപരിശോധന കർശനമാകും

ന്യൂഡൽഹി: വിമാനത്താവള മാതൃകയിൽ ട്രെയിനുകളിൽ ഭാര പരിശോധന സംവിധാനം ഒരുങ്ങുന്നു. വിമാനക്കമ്പനികൾ സ്വീകരിക്കുന്ന രീതികൾക്ക് അനുസൃതമായി, ഇന്ത്യൻ റെയിൽവേ ട്രെയിൻ യാത്രക്കാർക്ക് കർശനമായ ബാഗേജ് നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ സജീവമാക്കുന്നതായി റിപ്പോർട്ട്. ഇലക്ട്രോണിക് മെഷീനുകൾ ഉപയോഗിച്ചുള്ള ഭാരപരിശോധന സംവിധാനം നടപ്പിലാക്കാനാണ് ഇന്ത്യൻ റെയിൽവേയും ഒരുങ്ങുന്നത്. 

പ്രധാന റെയിൽവേ സ്റ്റേഷനുകളിലായിരിക്കും പദ്ധതി അദ്യഘട്ടത്തിൽ നടപ്പിലാക്കുക.   ട്രെയിൻ യാത്രക്കാർ അനുവദനീയമായ ഭാരത്തിൽ കൂടുതൽ ലഗേജ് കൊണ്ടുപോകുകയോ വലിയ ലഗേജ് കൈവശം വയ്ക്കുകയോ ചെയ്താൽ, ഇനി അധിക ഫീസ് നൽകേണ്ടി വരും. പ്രയാഗ്‌രാജ് ജംഗ്ഷൻ, കാൺപൂർ സെൻട്രൽ, മിർസാപൂർ, തുണ്ട്‌ല, അലിഗഡ് ജംഗ്ഷൻ, ഇറ്റാവ തുടങ്ങിയ എൻ‌സി‌ആർ മേഖലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. 

സ്ലിപ്പർ, ഫസ്റ്റ് ക്ലാസ്, എസി, സെക്കന്റ് ക്ലാസ് തുടങ്ങി യാത്രാ ക്ലാസിന് അനുസരിച്ച് ബാഗേജ്  നിയന്ത്രണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. എസി ഫസ്റ്റ് ക്ലാസിലെ യാത്രക്കാർക്ക് 70 കിലോ വരെയും എസി ടു ടയർ ക്ലാസിലുള്ളവർക്ക് 50 കിലോ വരെയും ഭാരം വഹിക്കാം. എസി ത്രീ ടയർ, സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 40 കിലോ വരെ അനുവദനീയമാണ്.

ജനറൽ ക്ലാസ് യാത്രക്കാർക്ക് പരമാവധി 35 കിലോ വരെ മാത്രമേ വഹിക്കാൻ അനുവാദമുള്ളൂ. കൂടുതൽ  സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം, പ്രത്യേകിച്ച് ദീർഘദൂര റൂട്ടുകളിലെ യാത്രക്കാർക്കെന്ന്   പ്രയാഗ്‌രാജ് നോർത്ത് സെൻട്രൽ റെയിൽവേ  സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ഹിമാൻഷു ശുക്ല പ്രതികരിച്ചു. 960 കോടി രൂപയുടെ നിക്ഷേപത്തോടെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം പ്രയാഗ്‌രാജ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ നിലവിൽ വിപുലമാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Related Posts