India News

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ തെര‍ഞ്ഞെടുപ്പ് കമ്മീഷനെതിരെ നടപടി എടുക്കും: രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: തെര‍ഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം രൂക്ഷമാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ തെര‍ഞ്ഞെടുപ്പ് കമ്മീഷനെതിരെ വോട്ട് മോഷണത്തിന് നടപടി എടുക്കുമെന്ന് രാഹുൽ പറഞ്ഞു. വോട്ട് ചോരി ആരോപണങ്ങൾക്ക് സത്യവാങ്മൂലം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ പരാമര്‍ശം. ബീ​ഹാറിൽ നടക്കുന്ന വോട്ട് അധികാർ യാത്രയ്ക്കിടെ നടത്തിയ പ്രസം​ഗത്തിലാണ് അദ്ദേഹം പരാമർശം നടത്തിയത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മോഷണം പിടിക്കപ്പെട്ടു, ഇപ്പോൾ കമ്മീഷൻ എന്നോട് സത്യവാങ്മൂലം ആവശ്യപ്പെടുന്നു. ഞാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് പറയുന്നു എനിക്ക് കുറച്ച് സമയം തരൂ, രാജ്യം മുഴുവൻ നിങ്ങളോട് സത്യവാങ്മൂലം ആവശ്യപ്പെടും .നിങ്ങളുടെ മോഷണം രാജ്യമെമ്പാടും പിടികൂടി ജനങ്ങളെ കാണിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരേ, ശ്രദ്ധിക്കൂ. ഇപ്പോൾ, ഇത് നരേന്ദ്ര മോദിയുടെ സർക്കാരാണ്, നിങ്ങൾ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്നു. പക്ഷെ ഇന്ത്യ സഖ്യം രാജ്യത്തും ബിഹാറിലും സര്‍ക്കാര്‍ രൂപീകരിക്കുന്ന ഒരു ദിവസം വരും, അതിനുശേഷം ഞങ്ങൾ നിങ്ങളെ മൂന്നുപേരെയും കൈകാര്യം ചെയ്യും. നിങ്ങൾക്കെതിരെ നടപടിയെടുക്കും, നരേന്ദ്ര മോദിയും തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടുകൾ മോഷ്ടിക്കുമ്പോൾ, അവർ ഭാരത മാതാവിനെയും ഭരണഘടനയെയും ആക്രമിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണർ, ശ്രദ്ധയോടെ കേൾക്കൂ – നിങ്ങൾ ശരിയായ കാര്യം ചെയ്തില്ലെങ്കിൽ, നിങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി

“വോട്ട് മോഷണം ഭരണഘടനയ്ക്കും ഹിന്ദുസ്ഥാന്‍റെ ആത്മാവിനും ഭാരത മാതാവിനും നേരെയുള്ള ആക്രമണമാണ്. നമ്മുടെ ഭാരത മാതാവിനെയും ഭരണഘടനയെയും ആക്രമിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോ മോദിയോ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 7 ന് രാഹുൽ ഗാന്ധി വോട്ട് ചോരി എന്ന പേരിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ വൻ തോതിലുള്ള വോട്ട് ക്രമക്കേട് നടന്നതായി ആരോപിച്ചിരുന്നു. പല തവണയായി ആയിരക്കണക്കിന്പേർ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തിലൂടെ വോട്ടുകൾ മോഷ്ടിക്കപ്പെട്ടു എന്ന് അദ്ദേഹം ആരോപിച്ചു. വ്യാജ വിലാസങ്ങളും തെറ്റായ ഫോട്ടോകളും ഉൾപ്പെടുന്ന വോട്ടർ പട്ടികകൾ ഉണ്ടെന്നും ഒരേ വീട്ടിൽ പതിനെട്ടു മുതൽ ഇരുപത് വോട്ടർമാരുടെ പേരുകൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരോപണങ്ങളെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടെങ്കിലും മാപ്പ് പറയാൻ തയ്യാറല്ല എന്നാണ് രാഹുൽ നിലപാട് അറിയിച്ചിരുന്നു.

പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്ത സമ്മേളനം നടത്തുകയും അടിസ്ഥാന രഹിതമായ കാര്യങ്ങൾ ഉന്നയിച്ച ശേഷം അത് തെളിയിക്കാൻ തയ്യാറാകുന്നില്ല എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വാദിച്ചു. രാഹുലിന്റെ ആരോപണ​ങ്ങൾ അടിസ്ഥാന രഹിതമാണ്. വോട്ട് ചോരി കള്ള കഥയാണെന്നും ഭരണഘടനയ്ക്ക് അപമാനമാണെന്നും കമ്മീഷൻ ചൂണ്ടി കാണിച്ചിരുന്നു.

Related Posts