Kerala News

കോതമംഗലത്തെ പെൺകുട്ടിയുടെ ആത്മഹത്യ; റമീസിനെയും മാതാപിതാക്കളെയും ഒരുമിച്ച് ചോദ്യം ചെയ്യും

കൊച്ചി: കോതമംഗലത്തെ പെൺകുട്ടിയുടെ ആത്മഹത്യയിൽ നിർണ്ണായക ചോദ്യം ചെയ്യലുകൾക്ക് പോലീസ് തയ്യാറെടുക്കുന്നു. പ്രതിചേർക്കപ്പെട്ട എല്ലാവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് നീക്കം. ആത്മഹത്യ പ്രേരണ കുറ്റമാണ് നിലവിൽ ചുമത്തിയിരിക്കുന്നതെങ്കിലും മത പരിവർത്തനം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഇവർക്കെതിരെ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ എത്രയും വേഗം അന്വേഷണ നടപടികൾ പൂർത്തീകരിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. പ്രതി റമീസിനെ 2 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം റമീസുമായി നാളെ തെളിവെടുപ്പ് നടത്തും.

ഇന്നലെ അറസ്റ്റിലായ റമീസിന്റെ മാതാപിതാക്കളെയും സുഹൃത്ത് സഹദിനെയും കോടതി റിമാൻഡ് ചെയ്തിരുന്നു.
പെൺകുട്ടിയെ മർദിച്ച പ്രതിയുടെ പാനായിക്കുളത്തെ വീട്ടിൽ എത്തിച്ച് തെളിവെടുക്കും . ഇന്നലെ അറസ്റ്റിലായ റമീസിന്റെ മാതാപിതാക്കളെയും സുഹൃത്ത് സഹദിനെയും റിമാൻഡ് ചെയ്തിരുന്നു. അവരെയും കസ്റ്റഡിയിൽ ഉടൻ ആവശ്യപ്പെടും. കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും, മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. റമീസിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട് അതിന്റെ ഫലം ലഭിക്കാൻ കാത്തിരിക്കുകയാണ്.

മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആൺസുഹൃത്ത് റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മതംമാറ്റം സംബന്ധിച്ച് ആരോപണം ഉയരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ തെളിവുകൾ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും മതപരിവർത്തന ആരോപണം സംബന്ധമായ കാര്യങ്ങളിൽ ഇപ്പോൾ കേസെടുക്കാൻ കഴിയില്ലെന്ന് ആണ് പോലീസ് നിലപാട്.

മതപരിവർത്തന പരാതിയും ഇതിൽ പാനായിക്കുളം ബന്ധവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിറോ മലബാർ സഭയും ബിജെപിയും ശക്തമായ രംഗത്ത് വന്നിരുന്നു. മതപരിവർത്തന ശ്രമത്തിന് പിന്നാലെയാണ്‌ പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും പാനായിക്കുളം കേസുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ്സി റോ മലബാർ സഭ ആവശ്യപ്പെട്ടത്.

പാനായിക്കുളം തീവ്രവാദ ബന്ധമുള്ള സ്ഥലമായതിനാൽ വിദ്യാർത്ഥിയുടെ ആത്മഹത്യ കൃത്യമായ വകുപ്പുകൾ ചുമത്തി ദേശീയ ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. എന്തായാലും പ്രതികളെ എല്ലാവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിൽ മതപരിവർത്തനം സംബന്ധിയായ കാര്യങ്ങളിൽ ഏതെങ്കിലും രീതിയിലുള്ള വെളിപ്പെടുത്തൽ ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.

Related Posts