ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ജസ്റ്റിസ് സുദര്ശൻ റെഡ്ഡിയെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്ശൻ റെഡ്ഡി. യോഗത്തിൽ ജസ്റ്റിസ് സുദര്ശൻ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത് കോൺഗ്രസാണ്. സുദര്ശൻ റെഡ്ഡിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിൽ തൃണമൂല്‍ കോണ്‍ഗ്രസ് ഉൾപ്പടെ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ഇന്ത്യാ സഖ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
ജൂലൈ 21ന് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ചൊവ്വാഴ്ച പ്രമുഖ നേതാക്കൾ നടത്തിയ ചർച്ചയിൽ ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞൻ എം അണ്ണാദുരൈ അടക്കം ചില പേരുകൾ ചർച്ചയായിരുന്നു. എന്‍ഡിഎ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്നത് സിപി രാധാകൃഷ്ണൻ ആണ്.ഇതൊരു ആശയ പോരാട്ടമാണെന്നും, ഏറ്റവും യുക്തനായ ആളെയാണ് തിരഞ്ഞെടുത്തതെന്നും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
1946 ജൂലൈ 8-ന് ആന്ധ്രാപ്രദേശിൽ ജനിച്ച സുദർശൻ റെഡ്ഡി, 1971-ൽ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി നിയമ ജീവിതം ആരംഭിച്ചു.
1988 മുതൽ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായും 1990ൽ ആറു മാസം കേന്ദ്ര സർക്കാരിന്റെ അധിക ഉപദേഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1995 മെയ് 2-ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിതനായ അദ്ദേഹം, 2005 ഡിസംബർ 5ന് ഗുവാഹത്തി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. തുടർന്ന്, 2007-ൽ ഇന്ത്യയുടെ സുപ്രീംകോടതിയിലേക്ക് നിയമിതനായ അദ്ദേഹം, 2011 ജൂലൈ 8 വരെ സുപ്രീംകോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചു.