Homepage Featured Kerala News

വേടന്റെ അറസ്റ്റ് തടഞ്ഞു: ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗിക അതിക്രമ കേസിൽ വേടൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത പരാതിക്കാരിയോട് ചോദിച്ചു. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂവെന്നും ഹൈക്കോടതി പറഞ്ഞു.

നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. വേടൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. ഇന്‍ഫ്ളുവന്‍സറാണോ അല്ലയോ എന്നതല്ല, വ്യക്തി എന്നതാണ് പ്രശ്നം. എല്ലാവരും അമര്‍ ചിത്രകഥ വായിച്ചാണ് വളര്‍ന്നത്. പുരാണ കഥകള്‍ പറയേണ്ടതില്ല, ഹൈക്കോടതി പറഞ്ഞു. വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

നിലവിലെ കേസ് കൂടാതെ ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി മറ്റു രണ്ടു യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. ദളിത് സം​ഗീതത്തിൽ ​ഗവേഷണം നടത്താൻ ഫോണിൽ ബന്ധപ്പെട്ട യുവതിയെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും എതിർക്കാൻ ശ്രമിച്ചപ്പോൾ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു എന്നാണ് ഒരു പരാതി. രണ്ടാമത്തെ പരാതിയുമായി രം​ഗത്തെത്തിയത് സം​ഗീത പരിപാടികൾ അവതരിപ്പിക്കുന്ന യുവതിയാണ്. തന്റെ സംഗീത പരിപാടികളിൽ ആകൃഷ്ടനായി വേടൻ ബന്ധം സ്ഥാപിക്കുകയും ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്ന് പരാതിയിൽ പറയുന്നു. 2020-21 കാലഘട്ടത്തിലാണ് പരാതികൾക്ക് ആസ്പതമായ സംഭവങ്ങൾ നടക്കുന്നതെന്ന് പരാതികളിൽ വ്യക്തമാക്കുന്നു. ഇരുവരും നേരത്തെ വേടനെതിരെ മീ ടൂ വെളിപ്പടുത്തലും നടത്തിയിരുന്നു.

Related Posts