Kerala News

നിയമസഭയിലേക്കു കണ്ണുംനട്ട് ഷാഫിയും; പാലക്കാട് ‘ട്വിസ്റ്റിനു’ സാധ്യത

നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായിരിക്കും പാലക്കാട്. ബിജെപിക്കു സ്വാധീനമുള്ള മണ്ഡലത്തില്‍ കേരളത്തിലെ പ്രബല രാഷ്ട്രീയ കക്ഷികളായ യുഡിഎഫും എല്‍ഡിഎഫും അഭിമാനപ്പോരിനു തന്നെയാകും ഇറങ്ങുക. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലം കൂടിയാണ് പാലക്കാട്.

ഷാഫിയുടെ ആഗ്രഹം

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ എംഎല്‍എ ഷാഫി പറമ്പില്‍ ആഗ്രഹിക്കുന്നുണ്ട്. നിലവില്‍ വടകര എംപിയാണ് ഷാഫി. 2026 ല്‍ ഭരണമാറ്റം ഉണ്ടാകുമെന്നും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനത്തിനു സാധ്യതയുണ്ടെന്നും കണ്ടാണ് ഷാഫി നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്. കെപിസിസി നേതൃത്വത്തെയും ഷാഫി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ‘ഷാഫിക്ക് നിയമസഭയില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ട്,’ എന്ന കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ തമാശരൂപേണയുള്ള വാക്കുകളില്‍ നിന്ന് അത് വ്യക്തവുമാണ്. എന്നാല്‍ വടകര വിട്ട് ഷാഫി നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ അത് യുഡിഎഫിനു തിരിച്ചടിയാകുമോ എന്ന ആശങ്കയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

2011, 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച നേതാവാണ് ഷാഫി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര ജയിച്ചതോടെയാണ് പാലക്കാട് വിടേണ്ടിവന്നത്. ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ചരിത്ര ഭൂരിപക്ഷത്തില്‍ യുഡിഎഫിനായി പാലക്കാട് നിലനിര്‍ത്തി. കഴിഞ്ഞ ദിവസം ഷാഫിയുടെ നേതൃത്വത്തില്‍ പാലക്കാട് രഹസ്യ യോഗം ചേര്‍ന്നതായാണ് വിവരം. പാലക്കാട്ടെ ഷാഫി അനുകൂലികള്‍ യോഗത്തില്‍ പങ്കെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്. നിയമസഭയിലേക്ക് മത്സരിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗത്തില്‍ ചര്‍ച്ച നടന്നതെന്ന് വിവരമുണ്ട്.

രാഹുല്‍ പാലക്കാട് ഉപേക്ഷിക്കുമോ?

സിറ്റിങ് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ 2026 ലും പാലക്കാട് മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഉപതിരഞ്ഞെടുപ്പിലെ രാഹുലിന്റെ പ്രകടനത്തില്‍ കെപിസിസി നേതൃത്വവും സംതൃപ്തരാണ്. എന്നാല്‍ ഷാഫി പാലക്കാട് മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സിറ്റിങ് മണ്ഡലം വിട്ടുകൊടുക്കാനും രാഹുല്‍ തയ്യാറാണ്. ഷാഫിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന രാഹുലിന് പാലക്കാടിനു പകരം മറ്റൊരു സീറ്റ് വാങ്ങികൊടുക്കാന്‍ ഷാഫി തന്നെ മുന്‍കൈ എടുക്കുകയും ചെയ്യും. ഷാഫിയുടെ കാര്യത്തില്‍ കെപിസിസി അന്തിമ തീരുമാനമെടുത്ത ശേഷമായിരിക്കും രാഹുലിന്റെ കാര്യത്തില്‍ ആലോചന ആരംഭിക്കുക.

ഡിസിസിയില്‍ എതിര്‍പ്പ്

അതേസമയം ഷാഫി ജില്ലയിലെ കോണ്‍ഗ്രസിനെ തന്റെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നതായി ഡിസിസിക്കുള്ളില്‍ വിമര്‍ശനമുണ്ട്. അതിനാല്‍ രാഹുലിനെ മാറ്റി ഷാഫിയെ വീണ്ടും കൊണ്ടുവരുന്നതിനോടു ഡിസിസിയിലെ ചില നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചേക്കും. ജില്ലാ കോണ്‍ഗ്രസില്‍ തന്റെ അപ്രമാദിത്തം നടപ്പിലാക്കാനാണ് ഷാഫി ശ്രമിക്കുന്നതെന്ന് ഉപതിരഞ്ഞെടുപ്പ് വേളയിലും വിമര്‍ശനം ഉയര്‍ന്നതാണ്.

Related Posts