Gulf News

സുരക്ഷാനിയമങ്ങൾ ലംഘിച്ചു; സൗദിയിൽ ഒരാഴ്ചക്കിടെ 12,861 പ്രവാസികളെ നാടുകടത്തി

റിയാദ്​: സുരക്ഷാനിയമങ്ങൾ ലംഘിച്ച കാരണത്താൽ സൗദിയിൽ ഒരാഴ്ചക്കിടെ 12,861 പ്രവാസികളെ നാടുകടത്തി. തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ 21,997 നിയമലംഘകർ പിടിയിലായിരുന്നു.

രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,787 പേർ അറസ്​റ്റിലായി. ഇവരിൽ 64 ശതമാനവും എത്യോപ്യൻ പൗരന്മാരാണ്​. 35 ശതമാനം യമനികളും ഒരു ശതമാനം മറ്റ്​ രാജ്യക്കാരും. അനധികൃതമായി രാജ്യത്തു നിന്ന്​ പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 27 പേർ അറസ്​റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 18 പേർ വേറെയും പിടിയിലായിട്ടുണ്ട്​.

ആഗസ്റ്റ് 08 മുതൽ 14 വരെ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. 13,434 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസ നിയമം ലംഘിച്ചവരാണ്​. 4,697 അതിർത്തി സുരക്ഷാ നിയമലംഘകരും 3,866 തൊഴിൽ നിയമലംഘകരുമാണ്​.

നിലവിൽ നടപടികൾ നേരിടുന്ന 25,439 നിയമലംഘകരിൽ 22,837 പുരുഷന്മാരും 2,602 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 18,149 പേരെ അവരുടെ യാത്രാരേഖകൾ ലഭ്യമാക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരിൽ 2,973 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഒരാഴ്​ചക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കി 12,861 പേരെ നാടുകടത്തുകയും ചെയ്​തു.

നിയമവിരുദ്ധമായ പ്രവേശനം, ഗതാഗതം, താമസം, അല്ലെങ്കിൽ നിയമലംഘകർക്ക് മറ്റ് സഹായം നൽകുക എന്നിവ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും 1 മില്യൺ റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അത്തരം പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടും.

Related Posts