Kerala News

വേടനെതിരെ വീണ്ടും പരാതികൾ: മുഖ്യമന്ത്രിക്ക് പരാതി നൽകിയത് രണ്ട് യുവതികൾ

കൊച്ചി: റാപ്പർ വേടനെതിരെ വീണ്ടും പീഡന പരാതിയുമായി കൂടുതൽ സ്ത്രീകൾ രംഗത്ത്. ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് റാപ്പർ വേടനെതിരെ രണ്ട് പരാതികൾകൂടി വരുന്നത്. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. 

ദളിത് സം​ഗീതത്തിൽ ​ഗവേഷണം നടത്താൻ ഫോണിൽ ബന്ധപ്പെട്ട യുവതിയെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും എതിർക്കാൻ ശ്രമിച്ചപ്പോൾ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു എന്നാണ് ഒരു പരാതി. രണ്ടാമത്തെ പരാതിയുമായി രം​ഗത്തെത്തിയത് സം​ഗീത പരിപാടികൾ അവതരിപ്പിക്കുന്ന യുവതിയാണ്. തന്റെ സംഗീത പരിപാടികളിൽ ആകൃഷ്ടനായി വേടൻ ബന്ധം സ്ഥാപിക്കുകയും ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്ന് പരാതിയിൽ പറയുന്നു. 2020-21 കാലഘട്ടത്തിലാണ് പരാതികൾക്ക് ആസ്പതമായ സംഭവങ്ങൾ നടക്കുന്നതെന്ന് പരാതികളിൽ വ്യക്തമാക്കുന്നു. ഇരുവരും നേരത്തെ വേടനെതിരെ മീ ടൂ വെളിപ്പടുത്തലും നടത്തിയിരുന്നു. 

മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാൻ ഇരുവരും സമയം തേടിയിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണ് വിവരം. ബലാത്സം​ഗ പരാതിയുമായി ഡോക്ടറായ യുവതി രം​ഗത്തെത്തിയതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്തിരുന്നു. തൃക്കാക്കര പൊലീസ് കേസെടുത്ത സാഹചര്യത്തിൽ വേടൻ നിരവധി സംഗീത ഷോകൾ റദ്ദാക്കി ഒളിവിൽ പോകുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് വേടനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 

അതേസമയം, വേടന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. വിവാഹ വാഗ്ദാനം നൽകി മാനഭംഗപ്പെടുത്തിയെന്ന ഡോക്ടറായ യുവതിയുടെ പരാതിയിലാണ് മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഇപ്പോൾ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് വേടന്റെ വാദം. തന്നെ അപകീർത്തിപ്പെടുത്താൻ ഒരു സംഘമാളുകൾ നടത്തുന്ന സംഘടിത ശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്ന് വേടന്റെ ഹർജിയിൽ പറയുന്നു. 

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് മാനഭംഗത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതിതന്നെ വ്യക്തമാക്കിയതാണെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും വേടന്റെ ഹർജിയിൽ പറയുന്നു. കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട ആവശ്യമില്ല. അതിനാൽ മുൻകൂർജാമ്യം അനുവദിക്കണമെന്നാണ് വേടന്റെ ആവശ്യം. ഒളിവിൽ പോയ വേടനെ കണ്ടെത്താൻ കഴിയാത്തത് പോലീസിനും നാണക്കേടായി മാറിയിരിക്കുകയാണ് മുഴുവൻ സംവിധാനം ഉപയോഗിച്ച് പരിശോധിച്ചിട്ടും വേടൻ എവിടെയെന്നതിന്റെ ഒരു സൂചനയും ലഭിച്ചിട്ടില്ല. നേരത്തെ, പുലിപ്പല്ലുമായി ബന്ധപ്പെട്ട കേസിൽ വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. 

Related Posts