ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെൻറ് നോട്ടീസ് നൽകാൻ നീക്കം. ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കൾ ഈ വിഷയം വിശദമായി ചർച്ച ചെയ്യുകയാണ്. ഞായറാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്ത സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം. കമ്മീഷൻ ബിജെപി വക്താവിനെ പോലെയാണ് സംസാരിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.
അതേസമയം രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ തീരുമാനം. രാഹുൽ വോട്ടർ പട്ടികയിൽ ചൂണ്ടിക്കാട്ടിയ പിഴവുകളിൽ ചിലതിന് മാത്രമാണ് കമ്മീഷൻ ഉത്തരം നല്കിയത്. ഞായറാഴ്ച നടന്ന വാർത്ത സമ്മേളനത്തിൽ അടിസ്ഥാന രഹിതമായ കാര്യങ്ങൾ ഉന്നയിച്ച ശേഷം രാഹുൽ അത് തെളിയിക്കാൻ തയ്യാറാകുന്നില്ല എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷമില്ല. വ്യാജ ആരോപണങ്ങളെ ഭയക്കില്ല, വോട്ട് ചോരി കള്ള കഥയാണെന്നും ഭരണഘടനയ്ക്ക് അപമാനമാണെന്നും കമ്മീഷൻ ചൂണ്ടി കാണിച്ചു.
കേരളത്തിലടക്കം ഉയർന്ന് പരാതികൾ അടിസ്ഥാന രഹിതമാണ് അതിനാൽ വോട്ട് ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണമില്ലെന്നും കമ്മീഷൻ അറിയിച്ചു. വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കാൻ കോടതിയുടെ നിർദ്ദേശമുള്ളതിനാലാണ് മഷീൻ റീഡബിളായ വോട്ടർ പട്ടിക നൽകാതിരുന്നത്. രാഹുൽ വോട്ടർമാരുടെ സ്വകാര്യത ലംഘിച്ചുവെന്നും അനാവശ്യമായി വോട്ടർമാരുടെ ചിത്രങ്ങൾ ഉപയോഗിച്ചു എന്നും കമ്മീഷൻ പറഞ്ഞു.
ഓഗസ്റ്റ് 7 ന് രാഹുൽ ഗാന്ധി വോട്ട് ചോരി എന്ന പേരിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ വൻ തോതിലുള്ള വോട്ട് ക്രമക്കേട് നടന്നതായി ആരോപിച്ചിരുന്നു. പല തവണയായി ആയിരക്കണക്കിന് പേർ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തിലൂടെ വോട്ടുകൾ മോഷ്ടിക്കപ്പെട്ടു എന്ന് അദ്ദേഹം ആരോപിച്ചു. വ്യാജ വിലാസങ്ങളും തെറ്റായ ഫോട്ടോകളും ഉൾപ്പെടുന്ന വോട്ടർ പട്ടികകൾ ഉണ്ടെന്നും ഒരേ വീട്ടിൽ പതിനെട്ടു മുതൽ ഇരുപത് വോട്ടർമാരുടെ പേരുകൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആരോപണങ്ങളെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടെങ്കിലും മാപ്പ് പറയാൻ തയ്യാറല്ല എന്നാണ് രാഹുലിന്റെ നിലപാട്. അതേസമയം ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണത്തിനുമെതിരെ രാഹുൽ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടർ അധികാർ യാത്രയുടെ പര്യടനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ഔറംഗബാദിൽ തുടങ്ങി.