ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ റിട്ട. ജഡ്ജി സുധാംശു ധൂലിയയെ സെർച്ച് കമ്മറ്റി ചെയർപേഴ്സണായി സുപ്രീം കോടതി ഉത്തരവിട്ടു. ജഡ്ജിയെ സെർച്ച് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആക്കണമെന്ന കേരളം കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാനവും ചാൻസിലറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സ്ഥിരം വിസി നിയമനത്തിന് കമ്മറ്റി രൂപീകരിക്കും. രണ്ടുപേർ വീതം ചാൻസിലറുടെയും സംസ്ഥാനത്തിന്റെയും നോമിനി എന്ന നിലയിലാണ് സർച്ച് കമ്മിറ്റി രൂപീകരിക്കുക എന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളിൽ സമിതി രൂപീകരിക്കണം.
ഗവർണർക്കെതിരായി കേരള സർക്കാർ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. പരമാവധി ശ്രമിച്ചിട്ടും ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിൻറെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടായില്ലെന്ന് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു.
ഇതിന് പിന്നാലെയാണ് വിസി നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മറ്റി രൂപീകരിക്കാൻ നിർദേശം വന്നത്.
സെർച്ച് കമ്മറ്റി രൂപീകരിക്കാൻ കേരള സർക്കാരിനോടും ഗവർണറോടും പാനൽ പട്ടിക തയ്യാറാക്കി സമർപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. സെർച്ച് കമ്മിറ്റിയിലേക്ക് നാല് വിദഗ്ധരുടെ പേരുകൾ അടങ്ങിയ പട്ടികയാണ് സർക്കാർ അഭിഭാഷകന് ഇന്നലെ ഗവർണർ കൈമാറിയത്. ഗവർണർ കൈമാറിയത്. ഗവർണറും സർക്കാരും പട്ടിക പരസ്പരം കൈമാറണം എന്ന് സുപ്രീം കോടതിയുടെ നിർദേശം ഉണ്ടായിരുന്നു. കേസ് വീണ്ടും ഇന്ന് പരിഗണിച്ചതോടെ സർക്കാർ പട്ടിക സുപ്രീം കോടതിക്ക് കൈമാറുകയായിരുന്നു.