Local News

സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മാണം; മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം

കൊച്ചി: സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ചുവെന്ന പരാതിയിൽ കോൺഗ്രസിന്റെ മൂവറ്റുപുഴയിൽ നിന്നുള്ള എംഎൽഎ മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം. ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ വാങ്ങിയ റിസോർട്ടിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ഇഡിയും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചതിന് റവന്യു വകുപ്പ് മാത്യു കുഴൽനാടനും സുഹൃത്തുക്കൾക്കുമെതിരെ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുത്തിരുന്നു.

ചിന്നക്കനാലിൽ 50 സെന്റ് സർക്കാർ ഭൂമി കയ്യേറിയാണ് റിസോർട്ട് നിർമ്മിച്ചതെന്നാണ് നിലവിലുള്ള കേസ്. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിൽ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും ഇ.ഡി അന്വേഷിക്കുക. ഇതിനായി കേസുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസിൽനിന്ന് ഇഡി ശേഖരിച്ചിട്ടുണ്ട്. റിസോർട്ടിന്റെ മുൻ ഉടമകളായ മൂന്നുപേരെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം എംഎൽഎയെയും ഇഡി ചോദ്യം ചെയ്യും.

50 സെന്‍റ് സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചെന്നും കയ്യേറ്റമെന്ന് അറിഞ്ഞിട്ടും പോക്കുവരവ് നടത്തിയെന്നും വിജിലന്‍സ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2012ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അതേസമയം, ഏത് അന്വേഷണത്തിനും തയാറാണെന്നും ഇ.ഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

Related Posts

Leave a Reply