Travel

മീൻപിടുത്തക്കാരുടെ പറുദീസ; വെള്ളച്ചാട്ടങ്ങൾക്കിടയിലെ കൊച്ചു സുന്ദരി – ഭീമേശ്വരി

കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ കാവേരി നദിയുടെ തീരത്തെ ഒരു ചെറിയ പട്ടണമാണ് ഭീമേശ്വരി. ബാംഗ്ലൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഭീമേശ്വരി സാഹസികതയ്ക്കും പ്രകൃതി സ്നേഹികൾക്കും പ്രിയപ്പെട്ട ഇടമാണ്. മേക്കേദാട്ടു, ശിവനസമുദ്ര വെള്ളച്ചാട്ടങ്ങൾക്കിടയിലാണ് ഭീമേശ്വരി എന്ന പട്ടണം സ്ഥിതി ചെയ്യുന്നത്. പച്ചപ്പു നിറഞ്ഞ വനങ്ങളാൽ ചുറ്റപ്പെട്ടതും കുത്തനെയുള്ള താഴ്‌വരകൾക്കിടയിൽ സ്ഥിതി ചെയ്യുന്നതു മായതിനാൽ ഭീമേശ്വരി മലകയറ്റത്തിനും അനുയോജ്യമാണ്.  ഇവിടെ നിരവധി ട്രെക്കിംഗ് പാതകളും ഉണ്ട്. 

ഭീമേശ്വരി വന്യ ജീവി സങ്കേതം പട്ടണത്തിലെ മറ്റൊരു ആകർഷണം ആണ്.   ഗഗനചുകി, ബരാചുകി വെള്ളച്ചാട്ടങ്ങളും ഇവിടെ കാണാം. മാൻ, കുറുക്കൻ, പുള്ളിപ്പുലി, കരടി, കാട്ടുപന്നികൾ, മുതലകൾ, നിരവധി പക്ഷിമൃഗാദികൾ തുടങ്ങി വിവിധതരം മൃഗങ്ങളെ യാത്രയ്ക്കിടയിൽ നിങ്ങൾക്ക് കാണാം. 

അർക്കാവതി-കാവേരി നദികളുടെ സംഗമ സ്ഥലം കൂടിയാണ് ഭീമേശ്വരി പട്ടണം. അതുകൊണ്ട് തന്നെ സാഹസികതയും ഒപ്പം മീൻപിടുത്തവും ഇഷ്ടമുള്ളവർക്ക് ഇവിടുത്തെ  മീൻ പിടുത്തവും ഇഷ്ടമാകും.  പ്രേത്യകിച്ചു വേട്ട മത്സ്യമായ മഹ്‌സീറിനെ പിടികൂടുക എന്നത് തന്നെ സാഹസികത നിറഞ്ഞതാണ്. മഹ്സീർ മത്സ്യത്തിന്റെ ആവാസ കേന്ദ്രം ആയതിനാൽ ഓരോ വർഷവും മത്സ്യബന്ധന പ്രേമികൾ ഇവിടെ എത്തിച്ചേരുന്നു. 

അതുകൊണ്ട് തന്നെ ഭീമേശ്വരി മത്സ്യബന്ധന പ്രേമികളുടെ പ്രിയപ്പെട്ട ഒരിടമായി മാറിയിട്ടുണ്ട്. മീൻപിടുത്തക്കാരുടെ പറുദീസ’ എന്നറിയ പെട്ടതോടെ  പട്ടണത്തിന് ചുറ്റും നിരവധി മത്സ്യബന്ധന ക്യാമ്പുകളും ഉയർന്നു വന്നിട്ടുണ്ട്. പക്ഷി നിരീക്ഷണത്തിനും, റിവർ റാഫ്റ്റിംഗിനും മീൻപിടുത്തത്തിനും പേരുകേട്ട  ഇടമാണ് ദൊഡ്ഡംകാളി. ഭീമേശ്വരിയിൽ നിന്ന് 7 കിലോമീറ്റർ അകലെയാണ് ദൊഡ്ഡംകാളി. 

ഭീമേശ്വരിയിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് ഗാലിബോർ. മത്സ്യ ബന്ധനത്തിന് അനുയോജ്യമായ ഇടമാണിത്. ഇവിടെ എത്തുന്നവർക്ക് ഗാലിബോർ ഫിഷിങ് ക്യാമ്പിൽ താമസിക്കാം. ഇത് ഒരു ക്യാച്ച് ആൻഡ് റിലീസ് ക്യാമ്പ് ആണ്. ഒരു മീൻ പിടിച്ചു കഴിഞ്ഞാൽ അതിനെ തിരികെ വിടണം. വേഗത്തിൽ ഒഴുകുന്ന കാവേരി നദി ഭീമേ ശ്വരിയിലെ മറ്റൊരു പ്രധാന ആകർഷണമാണ്. ശാന്തമായ സ്ഥലങ്ങളിൽ നീന്തുന്നതും കുളം കെട്ടി നദിക്ക് കുറുകെ സവാരി നടത്തുന്നതും. സാഹസികത ഇഷ്ടപെടുന്നവർക്ക് ഇവർക്ക് റിവര്‍ റാഫ്ടിങ്ങ് ആസ്വദിക്കാം. 

കാവേരി ഫിഷിങ് ക്യാമ്പ്, കാവേരി നദിയിലൂടെയുള്ള യാത്ര,  കൊക്രംബെല്ലൂർ, പെലിക്കണ്ടി എന്നിവയും ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ആണ്. കൂടാതെ മൗണ്ടെൻ ബൈക്കിങ്ങ്,  വൈറ്റ് വാട്ടർ റാഫിറ്റിംഗ് തുടങ്ങി സാഹസിക കായിക വിനോദങ്ങളും ആസ്വദിക്കാൻ പറ്റിയ ഇടമാണ് ഭീമേശ്വരി. ഓഗസ്റ്റ് മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ഈ പട്ടണം സന്ദർശിക്കാൻ അനുയോജ്യമായ സമയം. ബാംഗ്ലൂരിൽ നിന്ന് ഭീമേശ്വരിയിലേക്ക് സർക്കാർ ബസുകൾ സ്വകാര്യ ബസുകൾ, ടാക്സി എന്നിവയും ലഭ്യമാണ്.

Related Posts