Food Lifestyle

സോഫ്റ്റും ഹെൽത്തിയുമാക്കാം; പുട്ട് ഇങ്ങനെ തയ്യാറാക്കി കഴിക്കൂ

ലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് പുട്ട്. എന്നാൽ പതിവ് രീതികളിൽ നിന്ന് മാറി അല്പം ആരോഗ്യകരവും രുചികരവുമായ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ കാരറ്റ് പുട്ട് തീർച്ചയായും പരീക്ഷിക്കേണ്ട ഒന്നാണ്. കാഴ്ചയിൽ ആകർഷകമായ ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. പുട്ടിൽ കാരറ്റ് ചേർക്കുന്നതിലൂടെ പ്രഭാതഭക്ഷണത്തിന്റെ പോഷകഗുണം ഇരട്ടിയാകുന്നു. വൈറ്റമിൻ എ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ കാരറ്റ് കണ്ണിന്റെ ആരോഗ്യത്തിനും ചർമ്മത്തിന്റെ തിളക്കത്തിനും ഏറെ നല്ലതാണ്.

ഈ പോഷകഗുണങ്ങളെല്ലാം പുട്ടിലേയ്ക്ക് ചേരുമ്പോൾ തിരക്കുപിടിച്ച ദിവസങ്ങളിൽ നിങ്ങൾക്ക് ഊർജ്ജം പകരാൻ കഴിയുന്ന ഒരു സൂപ്പർ ഹെൽത്തി ബ്രേക്ക്ഫാസ്റ്റായി ഇത് മാറും. നിറത്തിലും രുചിയിലും മാത്രമല്ല പോഷകമൂല്യത്തിലും ഈ കാരറ്റ് പുട്ട് മുന്നിട്ടു നിൽക്കുന്നു. കല തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ്​ ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

അരിപ്പൊടി- 1/2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
തേങ്ങ- 1 കപ്പ്
കാരറ്റ്- 1 കപ്പ്
വെള്ളം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രണ്ട് ബൗളുകളിലായി അര കപ്പ് റവയെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ചേർക്കാം. ഒരു കപ്പ് ചിരകിയ തേങ്ങ അരച്ചെടുക്കാം. അതിൽ നിന്ന് അൽപം മാറ്റി വയ്ക്കാം. ബാക്കിയുള്ളതിലേയ്ക്ക് ഒരു കപ്പ് കാരറ്റ് അരിഞ്ഞതും അൽപം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം. മാറ്റി വച്ചിരിക്കുന്ന ഒരു ബൗളിലേയ്ക്ക് കാരറ്റും തേങ്ങയും അരച്ചതു ചേർത്തിളക്കി യോജിപ്പിക്കാം. രണ്ടാമത്തെ ബൗളിൽ തേങ്ങ അരച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.

പുട്ട് കുടത്തിൽ വെള്ളം നിറച്ച് അടുപ്പിൽ വച്ചു ചൂടാക്കാം. പുട്ടുകുറ്റിയിൽ ആദ്യം അല്പം തേങ്ങ ചിരകിയത് ഇടുക. അതിനു മുകളിലായി കാരറ്റ് ചേർത്ത പുട്ടുപൊടി നിറയ്ക്കുക. വീണ്ടും മുകളിൽ അല്പം തേങ്ങ കൂടി ചേർക്കാം. പുട്ടുകുറ്റി ആവി വരുന്ന പാത്രത്തിന് മുകളിൽ വെച്ച് 5-8 മിനിറ്റ് നന്നായി വേവിക്കുക. നല്ല മണം വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി ചൂടോടെ വിളമ്പാം. കടലക്കറിയോ പഴമോ പപ്പടമോ കൂട്ടി ഈ ഹെൽത്തി പുട്ട് കഴിക്കാവുന്നതാണ്.

Related Posts