കേരളത്തിലെ സദ്യയിൽ പച്ചടിക്കും കിച്ചടിക്കും പ്രത്യേക സ്ഥാനമാണുള്ളത്. അതിൽ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് പൈനാപ്പിൾ മധുര പച്ചടി. പൈനാപ്പിൾ, മുന്തിരി, പഴം എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം മധുരവും നേരിയ പുളിയും എരിവും കലർന്ന ഒന്നാണ്. സദ്യയിലെ എരിവുള്ള കറികൾക്കിടയിൽ നാവിന് ഒരു പ്രത്യേക രുചി പകരാൻ ഈ ‘മധുരക്കറി’ സഹായിക്കുന്നു. പൈനാപ്പിളിനൊപ്പം കറുത്ത മുന്തിരിയും കൂടെ ചേരുമ്പോൾ ഇതിന്റെ രുചി ഇരട്ടിയാകുന്നു.
സദ്യകളിലും മറ്റും കഴിക്കുന്ന അതേ രുചിയിൽ വളരെ പെട്ടെന്ന് മധുര പച്ചടി പാകം ചെയ്തെടുക്കാം. പൈനാപ്പിൾ ഇല്ലെങ്കിൽ മാമ്പഴവും ഇതിൽ ഉപയോഗിക്കാവുന്നതാണ്. അക്ഷയ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇതിന്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
പൈനാപ്പിൾ- 3 കപ്പ്
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
മുളുകുപൊടി- 1/4 ടീസ്പൂൺ
പച്ചമുളക്- 2 എണ്ണം
കറിവേപ്പില- ഒരു തണ്ട്
ഉപ്പ്- ആവശ്യത്തിന്
പഞ്ചസാര- 1/2 കപ്പ്
വെള്ളം- 1 കപ്പ്
തേങ്ങ- 2 കപ്പ്
വറ്റൽമുളക്- 1
കടുക്- 1/4 ടീസ്പൂൺ
തൈര്- 3 ടേബിൾസ്പൂൺ
മുന്തിരിങ്ങ- 1 കപ്പ്
വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
പൈനാപ്പിൾ ചെറിയ കഷ്ണങ്ങളാക്കിയതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ മുളകുപൊടി, ഒന്നോ രണ്ടോ പച്ചമുളക കീറിയത്, ഒരു തണ്ട് കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, അര കപ്പ് പഞ്ചസാര, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് അടുപ്പിൽ വെച്ച് വേവിക്കാം. രണ്ട് കപ്പ് ചിരകിയ തേങ്ങയിൽ ഒരു പച്ചമുളക്, കാൽ ടീസ്പൂൺ ജീരകം, കാൽ ടീസ്പൂൺ കടുക്, കുറച്ച് വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കാം. വെന്തു വന്ന പൈനാപ്പിളിലേയ്ക്ക് ആ അരപ്പ് ചേർത്ത് വേവിക്കാം. വറ്റി വരുമ്പോൾ അടുപ്പണച്ച് രണ്ടോ മൂന്നോ ടേബിൾസ്പൂൺ തൈര് ഉടച്ചെടുത്തത് ചേർത്തിളക്കാം.
ഒരു കപ്പ് കുരു ഇല്ലാത്ത മുന്തിരിങ്ങ ചേർത്തിളക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കാം. അതിലേയ്ക്ക് മൂന്നോ നാലോ വറ്റൽമുളക് ചേർത്ത് വറുക്കാം. ഒരു തണ്ട് കറിവേപ്പില കൂടി ചേർത്ത് അടുപ്പണച്ച് പച്ചടിയിലേയ്ക്ക് ചേർക്കാം. രുചികരമായ മധുര പച്ചടി തയ്യാർ. ഇത് കുറച്ചു സമയം ഇരുന്നാൽ കറി ഒന്ന് കൂടി കുറുകി നല്ല പാകമാകും.
















