മലയാളികളുടെ സദ്യകളിലും നാലുമണിപ്പലഹാരങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കായ വറുത്തത്. പച്ച ഏത്തയ്ക്ക നേർത്ത സ്ലൈസുകളാക്കി വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന ഈ വിഭവം ഇന്ന് ലോകമെമ്പാടും പ്രശസ്തമാണ്. അടുക്കളയിൽ കറി തയ്യാറാക്കി ബാക്കി വരുന്ന ഒരൊറ്റ പച്ചക്കായ ഉണ്ടെങ്കിലും ഇനി ഉപ്പേരിയെ വെല്ലുന്ന രുചിയിൽ ഒരു വിഭവം ചെയ്തെടുക്കാം. ഒറ്റ കാഴ്ചയിൽ ഫ്രഞ്ച് ഫ്രൈസ് എന്നു തോന്നുമെങ്കിലും അതിലും കിടിലൻ രുചിയാണ്. ഫുഡീ ഫൈസി എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ സ്പെഷ്യൽ സ്നാക്ക് റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
പച്ചക്കായ
മഞ്ഞൾപ്പൊടി
ഉപ്പ്
വെളിച്ചെണ്ണ
മുളകുപൊടി
റവ
കോണഫ്ലോർ
തയ്യാറാക്കുന്ന വിധം
ഒരു പച്ചക്കായ തൊലി കളഞ്ഞ് കട്ടി കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കാം. അതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും, എരിവിനനുസരിച്ച് മഞ്ഞൾപ്പൊടിയും ചേർക്കാം. വറുത്ത റവയും അൽപ്പം കോൺഫ്ലോറും ചേർത്തിളക്കി മാറ്റി വയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. മസാല പുരട്ടിയ കായ അതിലേക്ക് ചേർത്ത് വറുത്തെടുത്തോളൂ. ചിപ്‌സിന്റെ മൊരിഞ്ഞ രുചി നിലനിർത്താൻ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
















