Food Lifestyle

പഴങ്കഞ്ഞി ഇനി ഒഴിവാക്കേണ്ട; ​ഗുണങ്ങളേറെയുണ്ട് മലയാളിയുടെ ആ ഭക്ഷണത്തിന്

മലയാളിയുടെ ഭക്ഷണശീലങ്ങളിൽ പ്രധാനമായിരുന്നു പഴങ്കഞ്ഞി. തൈരും ഉപ്പും ചെറിയുള്ളിയും ഒക്കെ ഉടച്ച് തലേദിവസത്തെ കഞ്ഞി പ്രഭാതഭക്ഷണമായി മലയാളികൾ കഴിച്ചിരുന്നു. മീൻ കറിയും കഞ്ഞിക്ക് കോമ്പിനേഷൻ ആയിരുന്നു. കാലം മാറിയതോടെ ഇത്തരം ശീലങ്ങൾ മലയാളി പതുക്കെ ഉപേക്ഷിച്ചു. എന്നാൽ ശരീരത്തിന് പോഷകങ്ങൾ പ്രദാനം ചെയ്യുന്നതും രോ​ഗപ്രതിരോധത്തിനും സഹായിക്കുന്നതാണ് പഴങ്കഞ്ഞി എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

പ്രോബയോട്ടിക്കുകളുടെ കലവറയാണ് പഴങ്കഞ്ഞി. ഇരുമ്പിന്റെയും കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും സംയുക്തങ്ങൾ ഈ ആഹാരത്തെ പോഷകസമൃദ്ധമാക്കുന്നു. ഇരൂന്നുറോളം ശരീരത്തിന് ​ഗുണം ചെയ്യുന്ന ബാക്ടീരിയകൾ അടങ്ങുന്നതാണ് പഴങ്കഞ്ഞി. ആന്റി ഇൻഫ്ളമേറ്ററി, ആന്റീ ഓക്സിഡന്റുകളും തലേദിവസത്തെ കഞ്ഞിയിലുണ്ട്.

വയറിനെ ബാധിക്കുന്ന രോഗങ്ങൾ കുറയ്ക്കാൻ പഴങ്കഞ്ഞി സഹായിക്കുന്നതായി സ്റ്റാൻലി മെഡിക്കൽ കോളേജിന്റെ പഠനത്തിൽ പരാമർശമുണ്ട്. പണവും സമയവും ലാഭിക്കുന്നു എന്നതിനപ്പുറം ബാക്കി വരുന്ന ചോറ് ​ഗുണമേന്മയുള്ള ഭക്ഷണമായി ഉപയോ​ഗിക്കുകയാണ് പഴങ്കഞ്ഞി കുടിക്കുന്നവർ ചെയ്യുന്നത്. അൽസറേറ്റീവ് കോളിറ്റിസ്, ക്രോൺസ് തുടങ്ങിയവ വയറിനെ ബാധിക്കുന്ന രോ​ഗങ്ങളാണ്. പഴങ്കഞ്ഞി 6 മാസം നൽകിയതോടെ ഇവയുടെ ചികിത്സയിൽ പുരോ​ഗതി ഉണ്ടായെന്ന് സ്റ്റാൻലി മെഡിക്കൽ കോളേജിന്റെ പഠനം തെളിയിക്കുന്നു.

50 ഗ്രാം ചോറ് അടങ്ങുന്ന പഴങ്കഞ്ഞിയിൽ നിന്ന് ഒരു ​ഗർഭിണിയുടെ ശരീരത്തിന് ഒരു ദിവസം ലഭിക്കേണ്ടുന്ന 35 മില്ലി ​ഗ്രാമിലേറെ ഇരുമ്പ് ലഭിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും ആഗിരണത്തിന് തടസ്സമായ ഫൈറ്റിക്ക് ആസിഡിന്റെ ഘടനയിൽ കഞ്ഞി പുളിക്കുന്നതോടെ മാറ്റം വരും. ഇതോടെ അവശ്യ ധാതുക്കൾ ശരീരത്തിലേക്ക് ആ​ഗിരണം ചെയ്യപ്പെടും. നാഡീ ഞരമ്പുകൾ, തലച്ചോറ്, ഹൃ‍ദയം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടാൻ പഴങ്കഞ്ഞി മിതമായ അളവിൽ കഴിക്കുന്നത് നല്ലതാണ്.

Related Posts