കേരളീയ സദ്യകളിൽ, പ്രത്യേകിച്ച് തെക്കൻ കേരളത്തിലെ ഭാഗങ്ങളിൽ ‘ബോളി’ ഇല്ലാത്ത സദ്യയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. കാഴ്ചയിൽ ചപ്പാത്തിയോട് സാമ്യമുള്ളതും എന്നാൽ അതീവ മൃദുവായതുമായ ഈ മധുര പലഹാരം തമിഴ്‌നാട്ടിലെയും കർണാടകയിലെയും ‘പോളി’ അഥവാ ‘ഒബ്ബട്ടു’ എന്ന പലഹാരത്തിന്റെ കേരളീയ രൂപമാണ്.
ബോളിയുടെ ഉത്ഭവം അയൽസംസ്ഥാനങ്ങളിലാണെന്ന് കരുതപ്പെടുന്നു. പണ്ട് തിരുവിതാംകൂർ രാജഭരണകാലത്ത് തമിഴ് ബ്രാഹ്മണർ വഴിയാണ് ബോളി തിരുവനന്തപുരത്ത് എത്തിയത്. ഇന്ന് തിരുവനന്തപുരത്തിന്റെ തനത് രുചിയായി ഇത് മാറിയിരിക്കുന്നു. സദ്യയുടെ അവസാന ഭാഗത്ത് പായസം വിളമ്പുമ്പോഴാണ് ബോളി ഇലയിൽ എത്തുന്നത്. ചൂടുള്ള പാൽപായസത്തിൽ ബോളി പൊട്ടിച്ചിട്ട് കുഴച്ച് കഴിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട രീതിയാണ്.
കടലപ്പരിപ്പും മൈദയും ഉപയോഗിച്ചാണ് പ്രധാനമായും ഈ വിഭവം തയ്യാറാക്കുന്നത്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബോളി റെസിപ്പി പരിചയപ്പെടാം. കോയാസ് റെസിപ്പി എന്ന ഇൻസ്റ്റഗ്രാം പേജാണ് ബോളി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
കടല പരിപ്പ്- 1 കപ്പ്
മൈദ- 1 1/2 കപ്പ്
മഞ്ഞൾപ്പൊടി- 1/4 കപ്പ്
ഉപ്പ്- ആവശ്യത്തിന്
നല്ലെണ്ണ- 2 ടേബിൾസ്പൂൺ
നെയ്യ്- 2 ടേബിൾസ്പൂൺ
ഏലയ്ക്ക- 2
പഞ്ചസാര- 1/4 കപ്പ്
ശർക്കര- 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒന്നര കപ്പ് മൈദയിലേയ്ക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്തിളക്കാം. കുറച്ച് വെള്ളം ഒഴിച്ച് മാവ് കുഴച്ച് മുകളിലായി രണ്ട് ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിച്ച് 2 മുതൽ 3 മണിക്കൂർ വരെ മാറ്റി വെയ്ക്കാം. ഒരു കപ്പ് കടലപരിപ്പ വേവിച്ചത് അരച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസപൂൺ നെയ്യ് ഒഴിച്ച് പരിപ്പ് അരച്ചത് ചേർത്തിളക്കാം. രണ്ട് ടേബിൾസ്പൂൺ ശർക്കര പൊടിച്ചത് അതിലേയ്ക്കു ചേർക്കാം.
കാൽ കപ്പ് പഞ്ചസാര, രണ്ട് ഏലയ്ക്ക് എന്നിവ കൂടി ചേർത്തിളക്കി അടുപ്പണയ്ക്കാം.ചൂടാറിയതിനു ശേഷം പരിപ്പ് ഉടച്ചത് ചെറിയ ഉരുളകളാക്കാം. മാറ്റി വെച്ചിരിക്കുന്ന മൈദ മാവിൽ നിന്നും കുറച്ചു വീതം എടുത്ത് ഉള്ളിലേയ്ക്ക് പരിപ്പ് കൊണ്ടുള്ള ഉരുളകൾ വെച്ച് പരത്താം. ഒരു പാൻ അടുപ്പിൽ വെച്ച് അല്പം നെയ്യ് തടവി പരത്തി വെച്ചിരിക്കുന്ന ബോളി ഇടുക. രണ്ട് വശവും മിതമായ തീയിൽ തിരിച്ചും മറിച്ചും ഇട്ട് വേവിച്ചെടുക്കുക. കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം.
















