Food Lifestyle

ഉപ്പുമാവ് ഇനി വയർ നിറയെ കഴിക്കും, ഒരു തവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ

ക്ഷിണേന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഒരു പ്രഭാതഭക്ഷണമാണ് ഉപ്പുമാവ്. വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. റവ കൊണ്ടാണ് സാധാരണയായി ഉപ്പുമാവ് ഉണ്ടാക്കാറുള്ളതെങ്കിലും ഗോതമ്പ് റവ, സേമിയ, അവൽ എന്നിവ കൊണ്ടും ഇത് തയ്യാറാക്കാം.

ഉപ്പുമാവ് സാധാരണയായി പഞ്ചസാരയോ പഴമോ ചേർത്താണ് മലയാളികൾ കഴിക്കാറുള്ളത്. ചിലർക്ക് കടലക്കറിയോ പയർ കറിയോ കൂട്ടി കഴിക്കാനും ഇഷ്ടമാണ്. ചിലയിടങ്ങളിൽ ഉപ്പുമാവിൽ തേങ്ങ ചിരകിയത് കൂടി ചേർക്കാറുണ്ട്. അൽപ്പം കൂടി രുചികരമാക്കാൻ കുറച്ച് നട്സും, ഉണക്കമുന്തിരിയും നെയ്യിൽ വറുത്തത് കൂടി ചേർത്ത് വിളമ്പാം.

ചേരുവകൾ

റവ (വറുത്തത്)- 1 കപ്പ്
വെള്ളം- 1 3/4 കപ്പ്
സവാള- 1 എണ്ണം
പച്ചമുളക്- ആവശ്യത്തിന്
ഇഞ്ചി- 1/2 ടീസ്പൂൺ
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
കടുക്- 1 ടീസ്പൂൺ
വറ്റൽമുളക്- 1-2 എണ്ണം
നെയ്യ്- 1 ടേബിൾസ്പൂൺ
എണ്ണ-1 ടേബിൾസ്പൂൺ
കാരറ്റ് ( ഗ്രീൻപീസ്, ബീൻസ്, നട്സ്)- ഒരുപിടി

തയ്യാറാക്കുന്ന വിധം

അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കാം. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കാം. കടുക് പൊട്ടിയതിനു ശേഷം ഒന്നോ രണ്ടോ വറ്റൽമുളകും, ഒരു സവാള ചെറുതായി അരിഞ്ഞത്, എരിവിനനുസരിച്ച് പച്ചമുളക് എന്നിവ ചേർത്തിളക്കാം. കാരറ്റ് അല്ലെങ്കിൽ ഗ്രീൻപീസ്, ബീൻസ് എന്നിങ്ങനെയുള്ള ലഭ്യമായ പച്ചക്കറികൾ ചെറുതായി അരിഞ്ഞതും ഇതിനൊപ്പം ചേർത്ത് വേവിക്കാം. ഇതിലേയ്ക്ക് ഒന്നേമുക്കാൽ കപ്പ് വെള്ളം ചേർക്കാം. ആവശ്യത്തിന് ഉപ്പ് ചേർത്ത് വെള്ളം തിളപ്പിക്കാം. വെള്ളം തിളച്ചു വരുമ്പോൾ വറുത്ത റവ ഒരു കപ്പ് ചേർക്കാം. വെള്ളം പൂർണ്ണമായും വറ്റിക്കഴിഞ്ഞാൽ പാതര്ം അടച്ചുവെച്ച് 2-3 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. അവസാനം അല്പം തേങ്ങ ചിരകിയതോ അല്ലെങ്കിൽ ഒരു ടീസ്പൂൺ നെയ്യോ ചേർക്കുന്നത് ഉപ്പുമാവിന് കൂടുതൽ രുചി നൽകും.

Related Posts