Food Lifestyle

ഒരു പാക്കറ്റ് ബ്രെഡ് വാങ്ങിക്കോളൂ, തയ്യാറാക്കാം ഈ 5 കിടിലൻ വിഭവങ്ങൾ

മ്മുടെ ദൈനംദിന ജീവിതത്തിലെ ഭക്ഷണക്രമത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി ബ്രെഡ് മാറിക്കഴിഞ്ഞു. എളുപ്പത്തിൽ കഴിക്കാമെന്നതും രുചികരവുമാണെന്നതാണ് ഇതിനെ പ്രിയപ്പെട്ടതാക്കുന്നത്. ബ്രെഡ് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന 5 വിഭവങ്ങൾ പരിചയപ്പെടാം.

ബ്രെഡ് റോൾ

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് പുഴുങ്ങി ഉടച്ചെടുക്കാം. അതിലേയ്ക്ക് ചെറുതായി അരിഞ്ഞ കാരറ്റ്, സവാള,വേവിച്ച ചോളം എന്നിവ ചേർക്കാം. ഇഞ്ചിയും ആവശ്യത്തിന് ഉപ്പ്, ഗരംമസാല, മുളകുപൊടി, ചാട്മസാല, എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചെറിയ ഉരുളകളാക്കി ബ്രെഡിനുള്ളിൽ വച്ച് വശങ്ങൾ യോജിപ്പിക്കാം. ചൂടായ എണ്ണയിൽ ചേർത്തു വറുക്കാം.

സേയൽ ബ്രെഡ്

ബ്രെഡ് ചെറിയ കഷ്ണങ്ങളായി മുറിക്കാം. സവാള, തക്കാളി എന്നിവ വഴറ്റാം. അതിലേയ്ക്കു മഞ്ഞൾപൊടി, ഗരംമസാല, ആവശ്യത്തിന് ഉപ്പും ചേർക്കാം. ബ്രെഡ് കഷ്ണങ്ങൾ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ചൂടോടെ കഴിക്കാം സേയൽ ബ്രെഡ്.

ബ്രെഡ് ഉപ്പുമാവ്

ബ്രെഡ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം. അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചേർത്ത് പൊട്ടിക്കാം. ഒരു പിടി കറിവേപ്പില, സവാള, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതു ചേർത്തു വേവിക്കാം. ചെറുതായി അരിഞ്ഞ ബ്രെഡ് കഷ്ണങ്ങൾ അതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കുക. ബ്രെഡ് ക്രിസ്പിയായി വരുമ്പോൾ അടുപ്പണച്ച് വിളമ്പാം.

ബ്രെഡ് ചോക്ലേറ്റ് കേക്ക്

അര കപ്പ് പഞ്ചസാരയിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കാം. ഒപ്പം ബ്രെഡ് പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. മറ്റൊരു പാത്രത്തിൽ മൈദയിലേയ്ക്ക് ബേക്കിങ് സോഡയും, ബേക്കിങ് പൗഡറും, കൊക്കോ പൗഡറും ചേർത്തിളക്കാം. ഇത് പഞ്ചസാര മിക്സിലേയ്ക്കു ചേർക്കാം. പാൽ, വാനില എസെൻസ് എന്നിവ ചേർത്തിളക്കി മാവ് തയ്യാറാക്കാം. അഞ്ച് മിനിറ്റ് പ്രീഹീറ്റ് ചെയ്ത കുക്കറിലേയ്ക്ക് മാറ്റി 25 മിനിറ്റ് അടച്ചു വെച്ച് വേവിക്കാം.

മുട്ടയില്ലാതെ ബ്രെഡ് ഓംലെറ്റ്

ഒരു കപ്പ് തൈരിലേയ്ക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, ഉപ്പ്, ചെറുതായി അരിഞ്ഞ ഇഞ്ചി, സവാള കട്ടി കുറച്ച് അരിഞ്ഞത്, മല്ലിയില എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ബ്രെഡിനു മുകളിൽ ഈ മിശ്രിതം പുരട്ടി പാനിൽ വച്ച് ഇരുവശവും വേവിച്ചെടുക്കാം. എഗ്ഗ്ലെസ്സ് ഓംലെറ്റ് തയ്യാറായിരിക്കുന്നു.

Related Posts