ഭക്ഷണത്തിന് ശേഷമുള്ള അമിതമായ വിശപ്പും മധുരം കഴിക്കാനുള്ള തോന്നലും പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് വർദ്ധിപ്പിക്കാനും ശരീരഭാരം കൂടാനും കാരണമാകും. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡൽഹി ഫോർട്ടിസ് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. വത്സ്യ അഞ്ച് ലളിതമായ വഴികൾ പറഞ്ഞിട്ടുണ്ട്.
- ഭക്ഷണക്രമത്തിലെ ക്രമീകരണം
ഭക്ഷണം കഴിക്കുമ്പോൾ അത് കൃത്യമായ ഒരു ക്രമത്തിൽ കഴിക്കുന്നത് ഗ്ലൂക്കോസ് നില പെട്ടെന്ന് ഉയരുന്നത് ഒഴിവാക്കാൻ സഹായിക്കും. ആദ്യം നാരുകൾ അടങ്ങിയ പച്ചക്കറികൾ കഴിക്കുക, അതിനുശേഷം പ്രോട്ടീൻ (മത്സ്യം, മാംസം, മുട്ട തുടങ്ങിയവ), കൊഴുപ്പ് എന്നിവയും ഏറ്റവും ഒടുവിൽ കാർബോഹൈഡ്രേറ്റുകളും (ചോറ്, ചപ്പാത്തി തുടങ്ങിയവ) കഴിക്കാൻ ശ്രദ്ധിക്കുക. ഈ രീതി ഗ്ലൂക്കോസ് സ്പൈക്ക് 70 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും.
- ഒഴിഞ്ഞ വയറ്റിൽ മധുരം ഒഴിവാക്കുക
രാവിലെ എഴുന്നേറ്റ ഉടനെയോ അല്ലെങ്കിൽ ഒഴിഞ്ഞ വയറ്റിലോ മധുരപലഹാരങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കും. ഇത് പിന്നീട് അമിതമായ ക്ഷീണത്തിനും വീണ്ടും മധുരം കഴിക്കാനുള്ള ആഗ്രഹത്തിനും വഴിവെക്കും.
- കാർബോഹൈഡ്രേറ്റുകൾ സ്മാർട്ട് ആയി കഴിക്കുക
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അവയോടൊപ്പം പ്രോട്ടീനും നല്ല കൊഴുപ്പും കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇത് ദഹനപ്രക്രിയ സാവധാനത്തിലാക്കുകയും ഗ്ലൂക്കോസ് രക്തത്തിലേക്ക് പതുക്കെ മാത്രം പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും.
- ഭക്ഷണത്തിന് ശേഷം ചെറിയ നടത്തം
ഓരോ നേരം ഭക്ഷണത്തിന് ശേഷവും ഏകദേശം 10 മുതൽ 12 മിനിറ്റ് വരെ നടക്കുന്നത് ശീലമാക്കുക. കഠിനമായ വ്യായാമങ്ങളെക്കാൾ ഗുണകരമാണ് ഇത്തരം ചെറിയ നടത്തങ്ങൾ എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ഇൻസുലിൻ കൃത്യമായി പ്രവർത്തിക്കാൻ സഹായിക്കും.
- ആപ്പിൾ സിഡെർ വിനഗറിന്റെ ഉപയോഗം
ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനഗർ വെള്ളത്തിൽ കലർത്തിയോ സാലഡിനൊപ്പമോ കഴിക്കുന്നത് ഇൻസുലിൻ പ്രതികരണം മെച്ചപ്പെടുത്തും. ഇത് ഭക്ഷണത്തിന് ശേഷമുള്ള ഗ്ലൂക്കോസ് വർദ്ധനവ് തടയാൻ സഹായിക്കും.
ഈ ലളിതമായ ശീലങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കുന്നത് വഴി പ്രമേഹ സാധ്യത കുറയ്ക്കാനും ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നിലനിർത്താനും സാധിക്കുമെന്ന് ഡോക്ടർ ഓർമ്മിപ്പിക്കുന്നു.
















