മിസ് സൗത്ത് ഇന്ത്യ 2025 നു പ്രൗഢോജ്ജ്വലമായ തുടക്കം. പല ഘട്ടങ്ങളിലായുള്ള സ്‌ക്രീനിങ്ങിനു ശേഷം ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 22 പേര്‍ കൊച്ചിയില്‍ എത്തി. ഫൈനലിസ്റ്റുകള്‍ പങ്കെടുക്കുന്ന ഇഹ ഫാഷന്‍ ഷോ സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച വൈറ്റിലയിലെ ഇഹ ഡിസൈന്‍സ് സ്റ്റോറില്‍ വെച്ച് നടക്കും. അന്ന് പൊതുജനങ്ങള്‍ക്കു മത്സരാര്‍ഥികളുമായി സംവദിക്കാനും അവസരമുണ്ടാകും. ഒക്ടോബര്‍ നാലിനു ബെംഗളൂരുവില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുക.
‘എല്ലാവരെയും ഉള്‍ക്കൊള്ളുക’ എന്ന ആശയത്തോടെയാണ് ഇത്തവണ മിസ് സൗത്ത് ഇന്ത്യ സംഘടിപ്പിച്ചിരിക്കുന്നതെന്ന് പരിപാടിയുടെ പേജന്റ് ഡയറക്ടറായ അര്‍ച്ചന രവി പറഞ്ഞു. ആയിരത്തിലേറെ അപേക്ഷകളാണ് ആദ്യ റൗണ്ടില്‍ ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ് വുമണ്‍സിനും മിസ് സൗത്ത് ഇന്ത്യയിലേക്ക് മത്സരിക്കാന്‍ സാധ്യതകള്‍ തുറന്നിട്ടിരുന്നു. നിറം, ശരീരഘടന, ഉയരം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ ഇല്ലാതെയാണ് ഇത്തവണത്തെ മിസ് സൗത്ത് ഇന്ത്യ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തതകളെ ഉള്‍ക്കൊള്ളുക എന്ന ആശയം ആളുകളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സംഘാടകര്‍ പറഞ്ഞു.
ഓഡിഷനു ശേഷം മിസ് ഗ്ലാം വേള്‍ഡ് 2025 റണ്ണറപ്പ് ആയ ശ്വേത ജയറാമിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഗ്രൂമിങ് ഒരുക്കിയിരുന്നു. ഓരോരുത്തരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന രീതിയില്‍ ഗ്രൂമിങ് നല്‍കാന്‍ സാധിച്ചെന്ന് മിസ് സൗത്ത് ഇന്ത്യ 2025 ബിസിനസ് ഡയറക്ടര്‍ ആയ ജുലിയാന പറഞ്ഞു.
















