തിരുവനന്തപുരം: ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേ ഓഫറിൽ പ്രതീക്ഷയോടെ ഐഫോൺ 16 ബുക്ക് ചെയ്‌ത പലരുടെയും സന്തോഷം പെട്ടെന്ന് തല്ലിക്കെടുത്തിയ അവസ്ഥയായി. കൃത്യമായി പണമടച്ചിട്ടും, ഓർഡറുകൾ നൽകി മണിക്കൂറുകൾക്കുള്ളിൽ ക്യാൻസലേഷൻ നോട്ടീസുകൾ ലഭിച്ചതായി പല ഉപഭോക്താക്കളും റിപ്പോർട്ട് ചെയ്‌തു. ഫ്ലിപ്‌കാര്‍ട്ട് വഞ്ചിച്ചോ എന്നാണ് ഐഫോണ്‍ പ്രേമികളുടെ ചോദ്യം.
ഫ്ലിപ്കാർട്ടിൽ നിന്നും പേയ്‌മെന്‍റ് ഫെയിൽഡ് എന്ന് വ്യക്തമാക്കുന്ന സ്‌ക്രീൻഷോട്ടുകൾ ഉപഭോക്താക്കളിൽ പലരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പങ്കിട്ടു. ഇതേത്തുടർന്ന് പ്ലാറ്റ്‌ഫോം “ബിഗ് ബില്യൺ സ്‌കാം” നടത്തുന്നുവെന്ന് ആരോപിക്കുന്ന ഹാഷ്‌ടാഗുകളും പ്രത്യക്ഷപ്പെട്ടു. ഈ പ്രശ്‍നം ഐഫോൺ 16 സീരീസിൽ മാത്രം ഒതുങ്ങില്ല എന്നതാണ് റിപ്പോർട്ട്. ഗൂഗിൾ പിക്‌സൽ 9, നത്തിംഗ് ഫോൺ 3 എന്നിവയുൾപ്പെടെ മറ്റ് പ്രീമിയം സ്‌മാർട്ട്‌ഫോണുകൾ വാങ്ങുന്നവരുടെ ബുക്കിംഗുകളും പെട്ടെന്ന് റദ്ദാക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷവും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
2025 വിൽപ്പനയിൽ പ്രീമിയം, ഹൈ-എൻഡ് സ്‍മാർട്ട്‌ഫോണുകളിൽ നിരവധി ഹോട്ട് ഡീലുകളാണ് അവതരിപ്പിക്കപ്പെട്ടത്. പ്രധാനമായും ആപ്പിൾ ഐഫോൺ 16, ഐഫോൺ 16 പ്രോ എന്നിവയ്ക്ക് വമ്പൻ ഓഫറുകൾ വാഗ്‍ദാനം ചെയ്‌തിരുന്നു. അതുകൊണ്ടുതന്നെ ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേ 2025 ലൈവ് ആയതിന് തൊട്ടുപിന്നാലെ, നിരവധി ഉപഭോക്താക്കളാണ് ഐഫോൺ 16 (128GB) 51,999 രൂപയ്ക്കും ഐഫോൺ 16 പ്രോ (128GB) 75,999 രൂപയ്ക്കും ബുക്ക് ചെയ്‌തത്.
പ്രതിഷേധം ശക്തമാണെങ്കിലും, ഫ്ലിപ്കാർട്ട് ഇതുവരെ, റദ്ദാക്കലിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. അതൊരു സാങ്കേതിക തകരാറായിരുന്നോ? പരിമിതമായ സ്റ്റോക്ക് ആയിരുന്നോ? അതോ വാഗ്ദാനങ്ങൾ പാലിക്കാതെ ഹൈപ്പ് സൃഷ്ടിക്കാനുള്ള മനഃപൂർവമായ മാർക്കറ്റിംഗ് തന്ത്രമായിരുന്നോ? എന്നൊക്കെയാണ് ഉപഭോക്താക്കളുടെ ചോദ്യങ്ങൾ. ഇത്തരം വീഴ്ചകൾ വിശ്വസ്തരായ ഫ്ലിപ്കാർട്ട് ഉപഭോക്താക്കളെ ആമസോൺ പോലുള്ള എതിരാളികളിലേക്ക് തള്ളിവിടുമെന്നാണ് ആക്ഷേപം.
















