ഒരിക്കലും അവസാനിക്കാത്ത കാഴ്ചകളാണ് ഇടുക്കി സഞ്ചാരികള്‍ക്കായി കാത്തുവച്ചിരിക്കുന്നത്. ഇടുക്കിയുടെ ഏറെ കുറെ ഇടങ്ങൾ സഞ്ചാരികൾ കണ്ടുവെങ്കിലും ചിപ്പിക്കുള്ളിലെ മുത്തുകൾ പോലെ കാണാത്ത അതിമനോഹരമായ ഇടങ്ങൾ ഇനിയും ഉണ്ട്. അത്തരത്തിൽ ഒരിടം ആണ് പൈനാവിലെ മൈക്രോവേവ് വ്യൂ പോയിന്റ്. അധികം ആരും അറിഞ്ഞിട്ടില്ലാത്ത ഇവിടം ഇപ്പൊൾ സഞ്ചാരികളെ കൊണ്ട് നിറയുകയാണ്.
പുൽമേടുകൾ നിറഞ്ഞതും നിബിഡ വനങ്ങളാൽ ചുറ്റപ്പെട്ടതുമായ മൈക്രോവേവ് വ്യൂ പോയിന്റ് ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കും ചെറുതോണിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. പൈനാവിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരം മാത്രമാണ് ഇവിടേക്കുള്ളത്.
സൂര്യോദയവും, മലയിടുക്കുകളിലേക്ക് മറയുന്ന സൂര്യന്റെ അസ്തമന കാഴ്ചയുമാണ് ഈ വ്യൂ പോയിന്റിനെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഇത് തന്നെയാണ് സഞ്ചരികളെ കൂടുതലും ഇവിടേയ്ക്ക് ആകർഷിക്കുന്നത്.
മൈക്രോവേവ് വ്യൂ പോയിന്റിൽ നിന്ന് നോക്കുമ്പോൾ കണ്ണെത്താ ദൂരത്തോളം കാഴ്ചകൾ കാണാം.
അങ്ങകലെ കോടമഞ്ഞില്‍ പൊതിഞ്ഞ ഇടുക്കി ഡാമിന്‍റെയും പച്ച പുതച്ച പര്‍വ്വത നിരകളുടെയും വിദൂര ദൃശ്യം ആരുടെയും ഹൃദയം കവരുന്ന കാഴ്ചയാണ്. ആനമുടി, ചൊക്രമുടി, പാൽക്കുളം മേട്, തോപ്രാംകുടി-ഉദയഗിരി മലനിരകൾ, കാൽവരിമൗണ്ട്, ഗ്യാപ് റോഡ്, പള്ളിവാസൽ, വെള്ളത്തൂവൽ സർജ്, പൂപ്പാറ, കള്ളിപ്പാറ, തുടങ്ങിയ പ്രദേശങ്ങളും ഇവിടെ നിന്ന് കാണാം.
കൂടാതെ വൈശാലി വ്യൂ പോയിന്റ്, ഇടുക്കി വന്യ ജീവി സങ്കേതം, ഇടുക്കി ഡാം ചിന്നാർ വന്യ ജീവി സങ്കേതം, ചെറുതോണി ഡാം, ആനക്കര, കീഴാർ കൂത്ത് വെള്ളച്ചാട്ടം എന്നിവയും അത്ര അകലെ അല്ല. വനംവകുപ്പിന്റെ കീഴിലുള്ള ഈ വിനോദ സഞ്ചാര കേന്ദ്രം 15 പേരടങ്ങിയ ജീവനക്കാരുടെ സംഘമാണ് പരിപാലിക്കുന്നത്. സഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി വേലിയും നിർമിച്ചിട്ടുണ്ട്.
മെയ് മുതൽ സെപ്റ്റംബർ വരെ ഉള്ള സമയമാണ് മൈക്രോവേവ് വ്യൂ പോയിന്റ് സന്ദർശിക്കാൻ പറ്റിയ സമയം. രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയാണ് പ്രവേശന സമയം. മുൻപ് ഫീസ് ഉണ്ടായിരുന്നില്ലെങ്കിലും നിലവിൽ മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശനത്തിന് ഈ ടാക്കുന്നത്.
തൊടുപുഴ- ചെറുതോണി സംസ്ഥാനപാതയില്‍ കുയിലിമല കളക്ട്രേറ്റിനും പൈനാവിനും ഇടയിലുള്ള ജില്ലാ പഞ്ചായത്ത് ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇ.എം.ആര്‍.എസ് സ്‌കൂളിന്റെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും ഇടയിലുടെയുള്ള ഓഫ് റോഡിലൂടെ സഞ്ചരിച്ചാൽ ഇവിടെ എത്താം.
















